ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ആർ. ശരത്തിൻ്റെ ആദ്യ ചിത്രമായ ‘സായാഹ്നം’ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ചിത്രം ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ഇതിനുപുറമെ നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
2003-ലാണ് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ചിത്രമായ ‘സ്ഥിതി’ പുറത്തിറങ്ങുന്നത്. പ്രശസ്‌ത ഗായകൻ ഉണ്ണി മേനോൻ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം മധ്യവർഗ കുടുംബങ്ങളുടെ കഥയാണ് പറഞ്ഞത്.
വിവിധ ചലച്ചിത്രോത്സവങ്ങളിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. തുടർന്ന് 2006-ൽ കാവ്യ മാധവനെ നായികയാക്കി ‘ശീലാബതി’ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്‌തു.
ആകെ രണ്ട് സിനിമകൾക്ക് ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
