എൽനിനോ പ്രതിഭാസത്തിൽ വെന്തുരുകി കേരളം: താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കും; ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം..!
സംസ്ഥാനത്ത് ഉയർന്ന താപനില സാധാരണ നിലയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ മാറിനിൽക്കുന്നതാണ് സെപ്തംബർ മാസത്തിൽ സാധാരണ അനുഭവപ്പെടുന്ന ചൂടിനെ ഇരട്ടിയാക്കിയത്.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുമെന്നാണ് വിലയിരുത്തൽ. ചൂട് വർധിക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം, മോര്, ഒ.ആർ.എസ് ലായനി എന്നിവ കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കണം.
സ്കൂളുകളിൽ കുട്ടികൾക്ക് വെയിലേൽക്കുന്ന അസംബ്ലികളും യാത്രകളും ഒഴിവാക്കണമെന്നും, കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഓൺലൈൻ ഡെലിവറി ജീവനക്കാർ, നിർമ്മാണ തൊഴിലാളികൾ, മാധ്യമപ്രവർത്തകർ, പോലീസ് എന്നിവർ ഉച്ചസമയത്ത് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണം.
മഴയില്ലാത്ത അവസ്ഥ തുടർന്നാൽ സംസ്ഥാനത്തെ ജലസ്രോതസ്സുകൾ വറ്റിവരളാനും വരുംദിവസങ്ങളിൽ കാർഷികമേഖലയെ ബാധിച്ച് പച്ചക്കറി ലഭ്യത കുറയാനും സാധ്യതയുണ്ട്. അതിനാൽ ജലം പാഴാക്കാതെ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
കൂടാതെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യതയും വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യതയും ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.
