വിരമിച്ച അധ്യാപകരുടെ സ്നേഹസ്പർശം: പരപ്പനങ്ങാടി എസ്.എൻ.എം സ്കൂളിലെ ഭിന്നശേഷി റിസോഴ്സ് ക്ലിനിക്കിലേക്ക് ഉപകരണങ്ങൾ നൽകി
പരപ്പനങ്ങാടി : എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ ഭിന്നശേഷി റിസോഴ്സ് ക്ലിനിക്കിലേക്ക് (IED) ആവശ്യമായ വിവിധ പഠന-സഹായ ഉപകരണങ്ങൾ കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരായ കുഞ്ഞാലി മദനി, പ്രദീപ് കുമാർ, മുഹമ്മദ് ഷാഫി, ഷൈല ടീച്ചർ, ശ്രീലത ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ ചേർന്ന് സംഭാവനയായി നൽകി.
സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ അഷ്റഫ് കുഞ്ഞാവാസ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താനും, അവരുടെ സർഗ്ഗശേഷിയും പഠനമികവും മെച്ചപ്പെടുത്താനും ഇത്തരം ഇടപെടലുകൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സാധാരണ ക്ലാസ് മുറികളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന ഭിന്നശേഷി കുട്ടികൾക്ക് ഈ ഉപകരണങ്ങൾ മികച്ച പിന്തുണയാകും. വിരമിച്ച അധ്യാപകർ സ്വന്തം വിദ്യാലയത്തോടുള്ള കടപ്പാട് ഇത്തരം സാമൂഹിക പ്രതിബദ്ധതയിലൂടെ പ്രകടിപ്പിച്ചത് മറ്റുളളവർക്കും വലിയ പ്രചോദനമാണ്.
മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് ലത്തീഫ് മദനി, സെക്രട്ടറി പി. സുബൈർ, പ്രിൻസിപ്പൽ എ. ജാസ്മിൻ, ഹെഡ്മാസ്റ്റർ ഇ.ഒ. ഫൈസൽ, പി.ടി.എ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ പാലത്തിങ്ങൽ, ഡെപ്യൂട്ടി എച്ച്.എം. അസൈനാർ, ദാമോധരൻ, ഹബീബ, അബ്ദുൽ സലാം, സ്മിത ടീച്ചർ, ഹമീദ് നഹ, മലബാർ ബാവ, പി.ടി.എ. അംഗങ്ങളായ എ.വി. വിനോദ്, ഇ.ഒ. അൻവർ, ഉമ്മുഹബീബ, ആബിദ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
