കേരള മോട്ടോർ വാഹന വകുപ്പിൽ ഫിറ്റ്നസ് പരിശോധനയിൽ വൻ ക്രമക്കേടും കൈക്കൂലിയും
ഫിറ്റ്നസ് പരിശോധനയ്ക്ക് വരുന്ന വാഹനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയാൽ ഫിറ്റ്നസ് റിന്യൂവൽ ഫോമിൽ രേഖപ്പെടുത്തുകയും പോരായ്മകൾ പരിഹരിച്ച് ഹാജരാക്കാൻ ആവശ്യപ്പെടണമെന്നുമാണ് വ്യവസ്ഥ. എന്നാൽ രേഖയാക്കാതെ നിരസിക്കുകയും ഇടനിലക്കാർ വഴി വീണ്ടുമെത്തുമ്പോൾ ഫിറ്റ്നസ് നൽകുകയും പ്രവണത മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കുണ്ട്. ഫിറ്റ്നസ് നിശ്ചയിക്കുന്നതിലുള്ള വിവേചാനാധികാരമാണ് കൈക്കൂലിക്കും ക്രമക്കേടിനും വഴിയൊരുക്കുന്നത്.
ന്യനതകൾ രേഖപ്പെടുത്തിയാൽ അവ പരിഹരിച്ചതിന് ശേഷമേ ഫിറ്റ്നസ് നൽകാൻ കഴിയുകയുള്ളൂ. രാവിലെ വാഹനങ്ങൾ ഒരുമിച്ചാണ് പരിശോധിക്കുന്നത്. തകരാറുള്ളവ മറ്റുള്ളവർക്ക് മുന്നിൽവച്ച് പരസ്യമായി തിരിച്ചയക്കും. ഇവയുടെ ഫയലുകൾ ഉച്ചയോടെ ഇടനിലക്കാർവഴി എത്തി ഫിറ്റ്നസ് നേടും. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് നിഷേധിച്ചതിനെ തുടർന്ന് മലപ്പുറത്ത് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ഫിറ്റ്നസ് ക്രമക്കേടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
ഫിറ്റ്നസ് ടെസ്റ്റിനുള്ള കൈക്കൂലി തുക ഒരുമിച്ചാണ് സമാഹരിക്കുന്നത്. കൈക്കൂലി വാങ്ങാത്തവരുണ്ടെങ്കിൽ ഒഴിവാക്കി വീതം വയ്ക്കും. ടി.ആർ 6 എന്നാണ് ഈ തുകയുടെ രഹസ്യകോഡ്. മൂന്നിൽ രണ്ട് എ.എംവിമാർക്കും ശേഷിക്കുന്നത് വെഹിക്കിൾ ഇൻസ്പെക്ടർമാർക്കുമാണ്. ഓട്ടോറിക്ഷ മുതൽ ബസ് വരെ തരം അനുസരിച്ച് നിശ്ചിത പടി മിക്ക ഓഫീസുകളിലും നിശ്ചയിച്ചിട്ടുണ്ട്. വിശ്വസ്തരായ ഇടനിലക്കാരാണ് തുക സമാഹരിക്കുക. ഓതറൈസേഷൻ ലെറ്റർവഴിയാണ് ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയുക.
പതിവ് പടിക്ക് പുറമേ ഗുരുതര ക്രമക്കേടുകളുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുകയാണെങ്കിൽ അതിനുള്ള പ്രതിഫലം റിസ്‌ക് എടുക്കുന്ന ഉദ്യോഗസ്ഥനാണ്. വേഗപൂട്ട് വിച്ഛേദിക്കൽ, ജി.പി.എസ് കാലിബറേറ്റ് ചെയ്യാതിരിക്കുക, മോശം അവസ്ഥയിലുള്ള വാഹനങ്ങൾ, മോടിപിടിപ്പിക്കൽ എന്നിവ അനുസരിച്ച് നിരക്ക് കൂടും. ഇതിന് ടി.ആർ 7 എന്നാണ് കോഡ്
മറ്റു ജില്ലകളിൽ പരിശോധിക്കേണ്ട 525 വാഹനങ്ങൾ കൊല്ലം ഓഫീസിൽ അനധികൃതമായി പരിശോധിച്ച് ഫിറ്റ്നസ് നൽകിയതായി ആഭ്യന്തര വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഏഴ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സംഭവത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.
പൂർണമായും പെയിന്റ് അടിക്കണമെന്ന് പറഞ്ഞ് നിരസിച്ച വാഹനത്തിന് അന്നേദിവസം ഉച്ചയ്ക്ക് ശേഷം കൊട്ടാരക്കരയിൽ ഫിറ്റ്നസ് നൽകിയത് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. വാഹനം പരിശോധിക്കാതെ ഫിറ്റ്നസ് നൽകിയതിന് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ ഒന്നരമാസത്തിനുള്ളിൽ തിരിച്ചെടുക്കുകയും നിർണായക തസ്തികയിൽ നിയമിക്കുകയും ചെയ്തു.
എട്ടുവർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് രണ്ടുവർഷം കൂടുമ്പോഴും മറ്റുള്ളവയ്ക്ക് വർഷം തോറുമാണ് ടെസ്റ്റ്. സർക്കാർ ഫീസിൽ വ്യത്യാസമില്ലെങ്കിലും കൈക്കൂലിക്ക് പ്രത്യേക സ്ലാബുകളാണ്. ഇവ വാങ്ങാത്ത ഉദ്യോഗസ്ഥരും വകുപ്പിലുണ്ട്.
കൈക്കൂലിത്തുക (ഒരുവർഷം രണ്ടുവർഷം എന്നിങ്ങനെ ക്രമത്തിൽ)
ഓട്ടോറിക്ഷ 150, 250
ടാക്സി 250, 400
ചെറിയ ചരക്ക് വാഹനങ്ങൾ 250, 500
മീഡിയം ചരക്ക് വാഹനങ്ങൾ 400, 750
ഹെവി ചരക്ക് വാഹനങ്ങൾ 500, 1000
മൾട്ടി ആക്സിൽ ലോറികൾ 1000
ബസ് 30 സീറ്റുവരെ 500, 1000
30 സീറ്റിന് മേൽ 2000
