ബാറുകളിൽ മദ്യത്തിന് 15 ശതമാനം വില വർധന; ഇന്നലെ സംസ്ഥാനത്ത് വിറ്റത് 60 കോടിയുടെ മദ്യം
ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ മദ്യം ശാലകൾ തുറന്നതോടെ സംസ്ഥാനത്ത് ആദ്യം ദിനം തന്നെ റെക്കോർഡ് മദ്യ വിൽപ്പന. 60 കോടിയുടെ വിൽപ്പനയാണ് നടന്നത്. ബെവ് കോ ഔട്ട് ലെറ്റുകളിൽ 52 കോടിയുടയും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിൽ എട്ടു കോടിയുടേയും മദ്യം വിറ്റു. പാലക്കാട് ജില്ലയിലെ തേൻകുറിശ്ശി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്.
ഒറ്റ ഔട്ട്ലെറ്റിൽ മാത്രം 69 ലക്ഷം രൂപയുടെ മദ്യവിൽപന നടന്നു. അതേസമയം സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില കൂട്ടാൻ തീരുമാനമായി. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ബെവ്‌കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വർധിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ബാറുകളിൽ വിൽക്കുന്ന മദ്യത്തിന്റെ വില ഉയരും. എല്ലാത്തരം മദ്യത്തിനും വില വർധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്.
