ഒരു മാസം കോഴിക്കോട് എത്തുന്നത് 10 കിലോ എം.ഡി.എം.എ.; എത്തുന്നത് ഡൽഹിയിൽ നിന്ന്
കോഴിക്കോട് : ഈ മാസം കോഴിക്കോട് സിറ്റി പോലീസ് മാത്രം പിടികൂടിയത് 1.27 കിലോ എം.ഡി.എം.എ. ആണ്. ഒരു മാസം മുൻപ് ഏപ്രിൽ 23-ന് പന്തീരാങ്കാവ് ടോൾപ്ലാസയ്ക്ക് അടുത്തു നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ 3.3 കിലോ മെത്താഫിറ്റമിനും 56 ഗ്രാം എം.ഡി.എം.എയുമാണ് കാർ തടഞ്ഞ് പിടിച്ചത്. എത്തുന്നതിന്റെ പത്തിലൊന്നു പോലും ഈ കണക്കുകളിൽ ഇല്ല. ഒരുമാസം 10 കിലോ എം.ഡി.എം.എ. എങ്കിലും കോഴിക്കോട് എത്തുന്നുണ്ടെന്നാണ് എക്സൈസും പോലീസും പറയുന്നത്.
കേരളത്തിൽ ഒരുമാസം 25 കിലോ എം.ഡി.എം.എ. എത്തുന്നുണ്ടെന്നാണ് മലബാറിലെ ഒരു പ്രധാന വിതരണക്കാരൻ ചോദ്യംചെയ്യലിൽ സമ്മതിച്ചത്. അതിൽ കൂടുതൽ പങ്കും കേരളത്തിന്റെ പ്രധാന ലഹരിഹബ് എന്ന നിലയിൽ കോഴിക്കോട്ടും കൊച്ചിയിലുമാണ് എത്തുന്നത്. അരഗ്രാം എം.ഡി.എം.എ. രണ്ടോ മൂന്നോ പേർക്കുവരെ ഉപയോഗിക്കാം.
അതുവെച്ച് നോക്കുമ്പോൾ കോഴിക്കോട് അറുപതിനായിരം പേരിലേക്കെങ്കിലും ഇവർ കടത്തുന്ന എം.ഡി.എം.എ. എത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിലേക്കാണ് രാസലഹരി എത്തുന്നത്. എത്തുന്ന ലഹരിമരുന്ന് പരമാവധി ഒരു മണിക്കൂർകൊണ്ട് പലരിലേക്കായി കൈമാറ്റം ചെയ്യപ്പെട്ടുപോവുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രഹസ്യവിവരങ്ങൾ ലഭിക്കുന്നതാണ് പിടിക്കപ്പെടുന്നതിൽ അധികവും. മുൻപ് ബെംഗളൂരു ആയിരുന്നെങ്കിൽ ഇപ്പോൾ ഡൽഹിയിൽനിന്നാണ് വരവ്. കോഴിക്കോടു നിന്നാണ് മലബാറിലെ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലേക്കു പോവുന്നത്. മുൻപ് ചെറിയ അളവിലായിരുന്നു രാസലഹരിയുടെ വരവ്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികളെ അടക്കം ഉപയോഗിച്ചിരുന്നു. ഇപ്പോൾ വൻ ഇടനിലക്കാരാണ് രംഗത്തുള്ളത്.
കോഴിക്കോട് നഗരത്തിൽനിന്നുമാത്രം ഒരുമാസത്തിനിടെ പോലീസും എക്സൈസും ചേർന്ന് നാലരക്കിലോയോളം എം.ഡി.എം.എ.യും മെത്താഫിറ്റമിനും പിടികൂടി. 2025ൽ 3.93 കിലോ എം.ഡി.എം.എ. ആണ് സിറ്റി പോലീസ് പിടിച്ചത്. എക്സൈസ് 1.08 കിലോ മെത്താഫിറ്റമിനും. എന്നാൽ ഇത്തവണ പോലീസ് അഞ്ചു മാസം കൊണ്ട് പിടികൂടിയ കണക്ക് 2.655 കിലോഗ്രാമായി. ഇത് വൻതോതിൽ ലഹരി കടത്തുന്നു എന്നതിന് തെളിവാണ്.
100 ഗ്രാമിനു മുകളിൽ എത്ര പിടികൂടിയാലും ഒരേ ശിക്ഷയാണ്. അതുകൊണ്ടുകൂടെ വലിയ അളവിൽ ലഹരി ഇപ്പോൾ വ്യാപകമായി എത്തുന്നുണ്ട്. വിചാരണയ്ക്കു താമസംനേരിട്ടാലോ, കുറ്റപത്രംസമർപ്പിക്കൽ വൈകിയാലോ ഒക്കെ ലഹരിക്കേസുകളിൽ പലപ്പോഴും ജാമ്യം ലഭിക്കുന്നുണ്ട്. അതുകൊണ്ട് എത്ര കടത്തിയാലും പുറത്തിറങ്ങാം എന്ന പ്രതീക്ഷയുണ്ട്. പല കേസുകളിലും ജാമ്യത്തിൽ ഇറങ്ങി മുങ്ങിയവരാണ് പുറത്തുനിന്ന് ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നത്.
