തൃശ്ശൂർ വെടിക്കെട്ടപകടം : 12 പേർ മരിച്ചതായി സ്ഥിരീകരിച്ചു, ആർഡിഒ അന്വേഷിക്കും
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച ഇരുപത്തഞ്ചോളം പേരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.
ഉച്ചയ്ക്ക് 3.30-നാണ് ആദ്യസ്‌ഫോടനം ഉണ്ടായത്. പിന്നീട് രണ്ടു മണിക്കൂറോളം തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടാവുകയും തീ പടരുകയുമായിരുന്നു. വൈകീട്ട് ആറു മണിയോടെ തീ അണച്ചിട്ടുണ്ട്. എങ്കിലും സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയർത്തുന്നു. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്.
വെടിക്കെട്ടപകടം : ആർഡിഒ അന്വേഷിക്കും
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.
