ചെമ്മാട് സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസ്: രണ്ട് പേർ കണ്ണൂരിൽ പിടിയിൽ
തിരൂരങ്ങാടി: ചെമ്മാട് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് ഹോസ്ദുർഗ് ചിറ്റാരിക്കൽ സ്വദേശി തൊട്ടുമണ്ണിൽ ടി.എ. സജി എന്ന മുഹമ്മദ് സലിം (52), കണ്ണൂർ ചെറുപുഴ സ്വദേശി കരിമ്പൻ അനിൽകുമാർ (51) എന്നിവരെയാണ് തിരൂരങ്ങാടി സി.ഐ. ബി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിൽ നിന്ന് പിടികൂടിയത്.
അറസ്റ്റിലായ മുഹമ്മദ് സലിം പാലക്കാട് വലിയപറമ്പ് പള്ളിക്കണ്ടി എന്ന വിലാസത്തിലും അറിയപ്പെടുന്നുണ്ട്. ഇയാൾക്കെതിരെ ഈരാറ്റുപേട്ട, സുൽത്താൻ ബത്തേരി, കൊണ്ടോട്ടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ചെമ്മാട് കോഴിക്കോട് റോഡിലെ ഫർഹ ഹോളോക്സ് കമ്പനി കോംപൗണ്ടിൽ വെച്ചാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്.
ലോറിയിൽ 132 ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. 1,34,400 ജലാറ്റിൻ സ്റ്റിക്കുകൾ, 10,500 ഡെറ്റ് ഷോക് ട്യൂബ് വയറുകൾഎന്നിവയാണ് സംഘം പിടിച്ചെടുത്തത്. സംഭവസ്ഥലത്ത് നിന്ന് ലോറി, പിക്കപ്പ് വാൻ, ഒരു കാർ എന്നിവ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
തിരൂരങ്ങാടി പ്രിൻസിപ്പൽ എസ്.ഐ. ഷിയാസ്, എസ്.ഐ.മാരായ വിൻസെന്റ്, രവി, എ.എസ്.ഐ. സുബൈർ, സി.പി.ഒ. ജിഷോർ, ഡാൻസാഫ് അംഗം ബിജോയ് എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
