NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു.

1 min read

മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. ഉച്ചയോടെ താനൂർ പൊലീസിന് പെൺകുട്ടികളെ കൈമാറും. മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ബുധനാഴ്ച കാണാതായ പെൺകുട്ടികളെ ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. നാട്ടിൽ എത്തിച്ച ശേഷം കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.

മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പൊലീസാണ് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ നിർണായകമായത്. കുട്ടികൾ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. ഇന്ന് തന്നെ വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയ്യതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാൾക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

 

പെൺകുട്ടികൾ മുബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. ഇതിനിടെ ഉച്ചയോടെ ഇവർ ഒരു സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും പിന്നീട് സ്ഥിരികരിച്ചു.

 

സുഹൃത്തിൻറെ വിവാഹത്തിന് എത്തിയതാണെന്ന് ആദ്യം പറഞ്ഞ വിദ്യാർത്ഥിനികൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാനെത്തിയതാണെന്നാണ് പിന്നീട് പറഞ്ഞതെന്ന് മുംബൈയിലെ ലാസ്യ സലൂൺ ഉടമ ലൂസി പ്രിൻസ് പറയുന്നത്. പെൺകുട്ടികളുടെ കൈവശം ഏറെ പണമുണ്ടായിരുന്നതായും ലൂസി പറഞ്ഞു. ലൂസിയുടെ സലൂണിൽ ഇന്നലെ വൈകിട്ട് പെൺകുട്ടികൾ മുടി ഡ്രസ്സ് ചെയ്യാൻ കയറിയിരുന്നു. ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിന് മുമ്പ് ഇവ‍ർ അവിടെ നിന്ന് കടന്നുകളഞ്ഞു.

 

നാല് മണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവെ സ്റ്റേഷന് എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു. രാത്രി ഒൻപത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ ഇവർ പുതിയ ഒരു സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷത്തിൽ നിർണായകമായത്. കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ നിരീക്ഷിക്കുകയായിരുന്ന കേരള പൊലീസിന് ഇവർ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ ടവർ ലൊക്കേഷൻ ലഭിച്ചു.

 

മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് പരിസരത്ത് നിന്നാണ് ലൊക്കേഷൻ എന്ന് മനസിലാക്കിയ പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ 10.45ഓടെ ഇവർ സിഎസ്‍ടിയിൽ നിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോർ എക്സ്പ്രസിൽ സിഎസ്ടിയിൽ നിന്ന് തന്നെയാണ് കയറിയതെന്നും സൂചനയുണ്ട്. 1.45ന് ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവെ പൊലീസ് പിടികൂടുന്നത്.

Leave a Reply

Your email address will not be published.