NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് പീഡനശ്രമം ചെറുത്ത് ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്ന് ചാടി ഗുരുതരാവസ്ഥയിൽ; ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന തെളിവുകൾ പുറത്തുവിട്ട് കുടുംബം

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുത്ത് ഹോട്ടൽ ജീവനക്കാരി ഹോട്ടലിൽ നിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. യുവതി കെട്ടിടത്തിൽനിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവതി നിലവിളിക്കുന്നതും യുവതിയോട് ഒച്ചയുണ്ടാക്കരുത് എന്നുപറയുന്നതും വീഡിയോയിൽ വ്യക്തമാണ്. യുവതി വിഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന ഫോണിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറയുന്നു.

 

യുവതി അലറിവിളിക്കുന്നതും തന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ‘എന്നെ വിട്, ഞാൻ വരാം’ എന്നും യുവതി പറയുന്നുണ്ട്. ‘പേടിക്കേണ്ട, അങ്കിളാണ്, ശബ്ദമുണ്ടാക്കരുത്, എന്റെ മാനം പോകും’ എന്ന് ഹോട്ടൽ ഉടമ പറയുന്നതും വീഡിയോയിൽ കേൾക്കാം. കേസിൽ പ്രതിചേർക്കപ്പെട്ട ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം മുക്കം പൊലീസ് ഊർജിതമാക്കി.

 

ഇതിന് മുൻപും യുവതിയെ ഹോട്ടൽ ഉടമ പ്രലോഭിപ്പിച്ചിരുന്നു. അതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ വ്യക്തമാക്കി. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ യുവതിയാണ് അതിക്രമം നേരിട്ടത്. കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

 

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും മൊഴി രേഖപ്പെടുത്തുക. നട്ടെല്ലിനും ഇടുപ്പെലിനും പരുക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ചയാണ് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചെത്തി ഹോട്ടൽ ഉടമ അടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

 

 

Leave a Reply

Your email address will not be published.