ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘങ്ങള്‍ അറസ്റ്റില്‍; പിടിയിലായത് കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷത്തിനിടെ
എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം ഗുണ്ടാസംഘങ്ങള്‍ കായംകുളത്ത് പിടിയിലായി.
കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുപ്രസിദ്ധ ഗുണ്ട നിധീഷിന്റെ പിറന്നാള്‍ ആഘോഷത്തിനായാണ് ഗുണ്ടാസംഘങ്ങള്‍ ഒത്തുചേര്‍ന്നത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയതിനെ തുടര്‍ന്ന് നാല്‍പ്പതോളം പേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.
ഷാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മണ്ണഞ്ചേരി സ്വദേശി അതുല്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗുണ്ടകളാണ് പിറന്നാള്‍ ആഘോഷത്തിന് ഒത്തുകൂടിയത്.
ഗുണ്ടകള്‍ എത്തിയ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തതായാണ് വിവരം. കുപ്രസിദ്ധ ക്രിമിനല്‍ മാട്ട കണ്ണന്‍, ആഷിഖ്, ഡെയ്ഞ്ചര്‍ അരുണ്‍, വിഡോബ ഫൈസല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഓടി രക്ഷപ്പെട്ടത്.
ഷാന്‍ വധക്കേസിലെ പ്രതി അതുല്‍, നിധീഷ്, പത്തിയൂര്‍ സ്വദേശി വിജീഷ്, കൃഷ്ണപുരം സ്വദേശി അനന്ദു, ഇടുക്കി സ്വദേശി അലന്‍ ബെന്നി, പത്തിയൂര്‍ കാല ഹബീസ്, ചേരാവള്ളി സെയ്ഫുദ്ദീന്‍, ഹരിപ്പാട് സ്വദേശി രാജേഷ് കുമാര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
