മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ലോക്‌സഭ രണ്ട് മണി വരെ നിര്‍ത്തി വെച്ചു
ന്യൂഡല്‍ഹി: വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആറാം ദിവസവും മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു.
പ്രതിപക്ഷം കറുത്ത വസ്ത്രമണിഞ്ഞാണ് ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. മണിപ്പൂര്‍ വിഷത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണം എന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡ് ഉയര്‍ത്തി എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതിനെ സ്പീക്കര്‍ വിമര്‍ശിച്ചു. എന്നാല്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറയണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷ എംപിമാര്‍. എല്ലാ നടപടികളും നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയും എന്ന നിലപാടില്‍ ബിജെപിയും ഉറച്ചു നില്‍ക്കുകയാണ്.
അവസാന ആയുധം എന്ന നിലയില്‍ വിഷയത്തില്‍ അവിശ്വാസപ്രമേയവുമായി മുന്നോട്ട് പോകാം എന്ന തീരുമാനത്തിലാണ് പ്രതിപക്ഷം. അവിശ്വാസപ്രമേയത്തില്‍ പ്രധാനമന്ത്രിക്ക് സംസാരിക്കേണ്ടി വരും എന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യസഭാ സമ്മേളനം തുടരുകയാണ്.
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ബുധനാഴ്ച നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിരുന്നു. അടുത്തയാഴ്ചയാണ് പ്രമേയത്തില്‍ ചര്‍ച്ച നടക്കുക. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും ബിആര്‍എസ് എംപി നമോ നാഗേശ്വര്‍ റാവുവുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
അവിശ്വാസ പ്രമേയ നോട്ടീസില്‍ അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ബിജെപി സ്പീക്കറെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഗൗരവ് ഗൊഗോയി പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താന്‍ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിന്റെ വീഡിയോ പ്രചരിപ്പിച്ച് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിച്ചു. നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തെ നേരിടാന്‍ പോകുന്നത് ഇത് രണ്ടാം തവണയാണ്.
