ആവശ്യം വന്നാല്‍ നിയന്ത്രണരേഖ മറികടക്കും, പൊതുജനങ്ങള്‍ സൈന്യത്തെ പിന്തുണക്കണം; രാജ്‌നാഥ് സിംഗ്
ലഡാക്ക്: രാജ്യത്തിന്റെ അന്തസും അഭിമാനവും നിലനിര്‍ത്താന്‍ നിയന്ത്രണരേഖ മറികടക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ സൈനികരെ സഹായിക്കാന്‍ സാധാരണക്കാരായ ജനങ്ങള്‍ തയ്യാറാകുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന. റഷ്യ-യുക്രെയ്ന്‍ യുദ്ധം ഒരുവര്‍ഷം നീണ്ടത് സാധാരണക്കാരായ ആളുകള്‍ യുദ്ധത്തില്‍ പങ്കാളികളാകാന്‍ ഇറങ്ങിയതിനാലാണെന്നാണ് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിച്ചത്.
“രാജ്യത്തിന്റെ അഭിമാനവും അന്തസും നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകും. അതിപ്പോള്‍ നിയന്ത്രണരേഖ മറികടക്കുന്നത് ഉള്‍പ്പെടെയാണെങ്കില്‍ അങ്ങിനെ ഞങ്ങള്‍ അത് ചെയ്യാന്‍ തയ്യാറാണ്. ആവശ്യം വന്നാല്‍ ഞങ്ങള്‍ പ്രേരിപ്പിക്കപ്പെടുകയാണെങ്കില്‍ നിയന്ത്രണ രേഖ മറികടക്കും”; രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഒരു യുദ്ധ സാഹചര്യമുണ്ടായപ്പോഴെല്ലാം പൊതുജനങ്ങള്‍ സൈന്യത്തെ സഹായിച്ചിട്ടുണ്ട്. പക്ഷെ ആ സഹായം നേരിട്ടുള്ളതായിരുന്നില്ല. ആവശ്യം വന്നാല്‍ പൊതുജനങ്ങള്‍ സൈന്യത്തെ യുദ്ധമുഖത്ത് നേരിട്ട് പിന്തുണയ്ക്കാന്‍ തയ്യാറാവുകയും മാനസികമായി തയ്യാറെടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” എന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കാര്‍ഗില്‍ യുദ്ധം ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും അത് പാക്കിസ്ഥാന്റെ പിന്നില്‍ നിന്നുള്ള കുത്തായിരുന്നെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. “കാര്‍ഗില്‍ യുദ്ധം ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതാണ്. ആ സമയത്ത് ഇന്ത്യ പാക്കിസ്ഥാനുമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. നമ്മളെ പാക്കിസ്ഥാന്‍ പിന്നില്‍ നിന്നും കുത്തി”; രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. രാജ്യതാല്‍പ്പര്യം മുന്നില്‍ വരുമ്പോള്‍ എന്ത് സാഹചര്യത്തിലും പിന്നോട്ടുപോകില്ല എന്ന സന്ദേശമാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ്‌യുടെ കാലത്ത് പാകിസ്താനും ലോകത്തിനും നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു.
കാര്‍ഗില്‍ വിജയദിവസത്തിന്റെ 24-ാം വാര്‍ഷികത്തില്‍ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. നേരത്തെ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത സൈനീകര്‍ക്ക് ആദരവ് അര്‍പ്പിച്ച് യുദ്ധസ്മാരകത്തില്‍ രാജ്‌നാഥ് സിംഗ് റീത്ത് സമര്‍പ്പിച്ചിരുന്നു.
