NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാർലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങ് പോലെയാക്കി’; മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസ‍ർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യം പുലരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിന് പല രീതിയിൽ ഭീഷണി ഉയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്ര സർക്കാരിൽ നിന്നും തന്നെ ഭീഷണി ഉയരുന്നു. ജനാധിപത്യ രാഷ്ട്രമായി രാജ്യം തുടരുന്നതിനോട് യോജിപ്പ് ഉള്ളവരല്ല ആര്‍ എസ് എസ്. ആര്‍ എസ് എസ് ജനാധിപത്യ രീതിയല്ല അംഗീകരിച്ചിട്ടുള്ളത്. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ പലതും ആട്ടിമറിക്കാൻ നീക്കം നടക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ പ്രത്യേകത ലേജിസ്ലേച്ചറും ജുഡീഷ്യറിയും എക്സിക്യൂട്ടീവ്യും സ്വാതന്ത്ര്യമായി നിലനിൽക്കുന്നു എന്നതാണ്.

 

എല്ലാം തങ്ങളുടെ കാൽകീഴിൽ ആകണം എന്ന നിർബന്ധം ആണ് കേന്ദ്രം കാണിച്ചു കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ കാൽകീഴിലാക്കാൻ ശ്രമം നടക്കുന്നു. പാർലമെന്റിനു തന്നെ യഥാർത്ഥ നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റിനു ബിജെപി തന്നെ തടസം സൃഷ്ടിക്കുന്നു. പാർലമെന്റിലെ നടപടി ക്രമങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മനുഷ്യത്വവും രാക്ഷസീയതയും ഏറ്റുമുട്ടുന്നിടത്ത് നിക്ഷ്പക്ഷത ഉണ്ടായിക്കൂടാ. മതാധിഷ്ഠിത രാജ്യമാക്കാനുള്ള നീക്കമാണ് ആര് എസ് എസ് നിർദേശ പ്രകാരം കേന്ദ്രം നടത്തുന്നത്.

സംസ്ഥാനങ്ങളെ സംതൃപ്തമാക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനം കേന്ദ്രത്തിൽ നിന്നും ഉണ്ടാകണം. അധികാരം കൂടുതലും കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുകയാണ്. അധികാരങ്ങൾ കേന്ദ്രം കവരുന്നു. കേന്ദ്രവും സംസ്ഥാനവും കൈകാര്യം ചെയ്യുന്ന പൊതു വിഷയങ്ങളിൽ  കേന്ദ്രം ഒറ്റയ്ക്ക് നിലപാടുകൾ സ്വീകരിക്കുന്നു. ഒരുപാട് കരാറുകൾ കേന്ദ്രം ഒപ്പുവെച്ചത് സംസ്ഥാനവുമായി ആലോചന നടത്താതെയാണ്. കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൊണ്ട് സംസ്ഥാങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *