പാലക്കാട് തെരുവുനായ ആക്രമണം; അധ്യാപകനെ സ്‌കൂളില്‍ കയറി കടിച്ചു
പാലക്കാട് നഗരപരിധിയിലെ മേപ്പറമ്പിലും നെന്മാറയിലും തോട്ടരയിലും തെരുവുനായ ആക്രമണം. ഒരു അധ്യാപകനും മൂന്ന് വിദ്യര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 5 പേര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാലക്കാട് തോട്ടര സ്‌കൂളിലാണ് അധ്യാപകന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ കെ.എ.ബാബു ചികിത്സ തേടി. സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നില്‍ വെച്ചായിരുന്നു നായയുടെ ആക്രമണം.
നെന്മാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്‌കൂളിന് മുമ്പില്‍ വച്ചാണ് തെരുവുനായ ആക്രമിച്ചത്. മേപ്പറമ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. മൂന്ന് പേരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
കണ്ണൂരില്‍ പേ വിഷബാധയേറ്റ് പശു ചത്തു. ചാലയിലെ പ്രസന്നയുടെ പേ ഇളകിയ പശുവാണ് ഇന്ന് രാവിലെയോടു കൂടി ചത്തത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു.
പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.
