ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; കരാര്‍ കമ്പനിക്കെതിരെ കേസ്
കൊച്ചി: നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയില്‍ വീണുള്ള മരണത്തില്‍ കേസെടുത്ത് പൊലീസ്. ദേശീയപാത കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെതി രെയാണ് കേസ്. മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.റോഡ് അറ്റകുറ്റ പണി നടത്തുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
റോഡ് അറ്റകുറ്റപണിയ്ക്ക് കമ്പനിയ്ക്ക് 18 വര്‍ഷത്തെ കരാറുണ്ട്. എന്നിട്ടും ഉത്തരവാദിത്തമില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചത്. കമ്പനി പ്രതിനിധികളെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചു വരുത്തിയിരുന്നു.
മരിച്ച ഹാഷിം വീണ റോഡിലെ കുഴി നേരത്തെയും യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കിയതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും കമ്പനി നടപടി എടുത്തില്ല എന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. മരണം സംഭവിച്ച ശേഷം മാത്രമാണ് കുഴിയടക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമാണ്.
