ചെമ്മാട്ടെ പുതിയ ബസ്സ്റ്റാന്റിനു ആർ.ടി.എയുടെ അനുമതി; ഉദ്‌ഘാടനം ഉടൻ
തിരൂരങ്ങാടി : ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി ചെമ്മാട് പുതിയ ബസ്സ്റ്റാന്റിനു ആർ.ടി.എയുടെ അനുമതിയായി. ചെമ്മാട് ബ്ലോക്ക് റോഡിൽ സ്വകാര്യ ഉടമസ്ഥതിയിലുള്ള കൊണ്ടാണത്ത് ബസ്സ്റ്റാന്റിൽ മതിയായ സൗകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ആർ.ടി.എ തീരുമാനം ഉടൻ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ, നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ എന്നിവർ മലപ്പുറത്ത് ജില്ലാ കലക്ടറെയും ആർ.ടി.ഒ.യെയും കണ്ട് ആവശ്യപ്പെട്ടിരുന്നു.
ഒന്നര വർഷത്തിലേറെയായി ആർ.ടി.എ യോഗം നടക്കാതിരുന്നതാണ് സ്റ്റാന്റിന്റെ അനുമതി വൈകാൻ ഇടയാക്കിയത്. രണ്ട് മാസം മുമ്പ് നടന്ന ആർ.ടി.എ യോഗത്തിൽ ബസ്സ്റ്റാന്റ് അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. കലക്ടറുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന ആർ.ടി.എ യോഗത്തിൽ തിരൂരങ്ങാടി നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ബസ്സ്റ്റാന്റ് ഉടൻ തുറക്കേണ്ടതിന്റെ അനിവാര്യത വിശദമാക്കായിരുന്നു. മോട്ടോർ വാഹനവകുപ്പും പൊതുമരാമത്ത് വിഭാഗവും പോലീസും ബസ്സ്റ്റാന്റിൽ സംയുക്ത പരിശോധന നടത്തുകയും വിശദമായ റിപ്പോർട്ട് ആർ.ടി.എക്ക് കൈമാറുകയും ചെയ്തിരുന്നു.
ഒരേ സമയം പത്ത് ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട് , സ്റ്റാന്റിലേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനും വിശാല വഴികളുണ്ട് , നഗരസഭക്ക് ചെമ്മാട്ട് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്വകാര്യമേഖലയിൽ തയ്യാറുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത് പ്രകാരമാണ് പുതിയ സ്റ്റാന്റിന് നഗരസഭ അനുമതി ആവശ്യപ്പെട്ടത് . കൊണ്ടാണത്ത് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബസ് സ്റ്റാന്റ് നിർമിച്ചിരിക്കുന്നത് . ബ്ലോക്ക് റോഡിന്റെ വീതി കുറവ് സംബന്ധിച്ച് ബസ് ഉടമകൾ പരാതി നൽകിയിരുന്നു.
എന്നാൽ വൺവേ സമ്പ്രദായം കർശനമായി നടപ്പിലാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു . പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങുന്നടോടൊപ്പം ഗതാഗത പരിഷ്കരവും ഏർപ്പെടുത്തും. സ്റ്റാണ്ടിലേക്ക് കയറാനും ഇറങ്ങാനും വ്യത്യസ്ത വഴികളാണ് . അതിനനുസരിച്ച് വൺവെയിലും മാറ്റം വരുത്തും. മിനി സിവിൽ സ്റ്റേഷൻ റോഡ് വഴി സ്റ്റാണ്ടിലേക്ക് കയറി ബ്ലോക്ക് റോഡ് ജംഗ്ഷൻ വഴി ടൗണിലേക്ക് വരുന്ന രീതിയിലാകാനാണ് സാധ്യത .
