NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നടിയെ ആക്രമിച്ച കേസ്; നാലാം പ്രതി വിജീഷിന് ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതിയായ വിജീഷിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

മറ്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതും വീജീഷ് ചൂണ്ടിക്കാട്ടി. ഇതോടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒഴികെ മറ്റെല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ സുനിയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് വിജീഷ്. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഇപ്പോഴും ജയിലിലാണ്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സാക്ഷിയായ സാഗര്‍ വിന്‍സെന്റാണ് ഹര്‍ജി നല്‍കിയത്. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന സാഗര്‍ വിന്‍സെന്റിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യാന്‍ സാഗറിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും, ഉപദ്രവിക്കരുതെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *