NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; കൈ പൊള്ളി ജനം

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണികളില്‍ പച്ചക്കറി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലക്കയറ്റമെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയ്ക്കാനായുള്ള സര്‍ക്കാരിന്റെ ഇടപെടലും ഫലം കണ്ടില്ല. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് പച്ചക്കറി ക്ഷാമത്തിന് കാരണം.

മൊത്ത വിപണിയില്‍ പച്ചക്കറികളുടെ വില ഇരട്ടിയായി. ചില്ലറ വിപണിയിലും വില വര്‍ധനവ് മോശമല്ല. ചില്ലറ വിപണികളില്‍ തക്കാളിയുടെ വില 120ന് മുകളില്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ തക്കാളിക്ക് എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയും കോഴിക്കോട് നൂറു രൂപയും തിരുവനന്തപുരത്ത് 80 രൂപയുമാണ് വില. മുരിങ്ങയ്ക്കായ്ക്ക് കോഴിക്കോട് 310 രൂപയും തിരുവനന്തപുരത്ത് 170രൂപ മുതല്‍ 350രൂപ വരെയുമാണ് വില. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ പറയുന്നു. പൂഴ്ത്തിവെയ്പ്പിലൂടെ കച്ചവടക്കാര്‍ വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങളും ഉയുന്നുണ്ട്. ദിവസേന വിറ്റ് പോകേണ്ടതാണ് പച്ചക്കറി. ഇത് പൂഴ്ത്തി വെച്ചാല്‍ എന്ത് ലാഭം ഉണ്ടാകാനാണ് എന്നാണ് കച്ചവടക്കാരുടെ ചോദ്യം.

അതേ സമയം, സപ്ലൈകോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വിലകൂടി. അരി ഉള്‍പ്പടെയുളള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത സാധങ്ങളുടെ വിലയാണ് കൂടിയത്. പത്ത് ദിവസത്തിനിടെ രണ്ടാം തവണയാണ് സപ്ലൈകോയില്‍ വില കൂടുന്നത്. മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയര്‍ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി. ചെറുപയര്‍ പരിപ്പ് 105 ല്‍ നിന്ന് 116 രൂപയായി വര്‍ധിച്ചു. പരിപ്പ് 76 രൂപയില്‍ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. മല്ലിക്ക് 106 ല്‍ നിന്ന് 110 രൂപയായി കൂടി ഉഴുന്ന് 100 രൂപയില്‍ നിന്ന് 104 രൂപയിലെത്തി.

കഴിഞ്ഞ ആറ് വര്‍ഷത്തിന് ഇടയില്‍ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ലെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. 13 നിത്യോപയോഗ സാധനങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 60 ശതമാനത്തിലേറെ വില കുറച്ചാണ് സപ്ലൈകോയില്‍ വില്‍ക്കുന്നത്. ഇവിടുത്തെ വില്‍പ്പനയുടെ 80 ശതമാനവും സബ്‌സിഡി ഉല്‍പ്പന്നങ്ങളാണ്. അതിനാല്‍ സാധാരണക്കാര്‍ക്ക് സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. സാധാരണക്കാരെ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *