‘ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്’; റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കും, നിയമലംഘകരെ സംരക്ഷിക്കാൻ ജനപ്രതിനിധികൾ ഇടപെടരുതെന്ന് മുഖ്യമന്ത്രി
ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരെ രക്ഷിക്കാന്‍ ആരൊക്കെ ശുപാര്‍ശ ചെയ്താലും വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ആരൊക്കെ ഇടപെട്ടാലും വിട്ടുവീഴ്ച ചെയ്യരുതെന്നും പൊലീസിനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നിയമലംഘകരെ സഹായിക്കാന്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ‘ജീവ-സുയാത്ര മിഷന്റെ’ ഉദ്ഘാടനം എറണാകുളം ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
നിയമനടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ പേരില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുമെന്നും സതീശന്‍ പറഞ്ഞു. ആറുമാസം തുടര്‍ച്ചയായി കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ ഒരുവര്‍ഷത്തിനകം കേരളത്തില്‍ മാതൃകാപരമായ ഗതാഗത സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
