കോഴിക്കോടെത്താൻ പാട് പെടും; ഗതാഗതക്കുരുക്കിൽ നഗരത്തിലെ റോഡുകൾ
കോഴിക്കോട് ; ഓണത്തിന് 10 ദിവസം ശേഷിക്കെ ഷോപ്പിംഗിനും മറ്റും നഗരത്തിലെത്തുന്നവരുടെ തിരക്കേറി. ഖാദി വിപണന മേളകളിലടക്കം വിലക്കുറവും ഓഫറുകളും തുടങ്ങിയതോടെയാണ് കൂടുതൽ പേർ നഗരത്തിൽ എത്തി തുടങ്ങിയത്. ഓണ വിപണി ലക്ഷ്യമാക്കി എത്തുന്നവർ അധികവും വാഹനവുമായി വരുന്നതിനാൽ പാർക്ക് ചെയ്യാൻ ഇടമില്ലാതെ വട്ടം കറങ്ങുകയാണ്. ഗതാഗതക്കുരുക്ക് വേറെയും. ടൗൺഹാൾ റോഡിലും ബഷീർ റോഡിലും സ്വകാര്യ പാർക്കിംഗുണ്ടെങ്കിലും തിരക്കാണ്. നോ പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾ നിർത്തുന്നതാണ് കുരുക്കിന് വഴിവെക്കുന്നത്.
ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസും സഹായിക്കാൻ വാർഡന്മാരും ഉണ്ടെങ്കിലും രക്ഷയില്ല. പാർക്കിംഗ് സൗകര്യമൊരുക്കാൻ ജില്ലാ ഭരണകൂടവും ട്രാഫിക് പൊലീസും കോർപ്പറേഷനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 2020ൽ നടപ്പാക്കാൻ തീരുമാനിച്ച ‘പാർക്കിംഗ് ഫ്രണ്ട്ലി’ പദ്ധതി ( പാർക്കിംഗ് പ്ളാസകൾ) നടപ്പായില്ല. പദ്ധതി നടപ്പാക്കിയാൽ പാർക്കിംഗ് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് സിറ്റി ട്രാഫിക് അധികൃതർ പറയുന്നത്. നഗരത്തിൽ പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും ഉള്ളിടത്ത് പാർക്ക് ചെയ്താൽ ഉടൻ പിഴയടയ്ക്കണമെന്നും കാണിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി കിട്ടിയിരുന്നു.
ബഷീർ റോഡ്, ടൗൺഹാൾ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ല. എന്നാൽ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, മാനാഞ്ചിറയ്ക്ക് പടിഞ്ഞാറു വശം, പാവമണി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇരുചക്ര-നാലുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാമെന്ന് പൊലീസ് പറയുന്നു.
കോഴിക്കോട് – വയനാട് റോഡിൽ മലാപ്പറമ്പ്, എരഞ്ഞിപ്പാലം, കോഴിക്കോട് – മീഞ്ചന്ത റോഡിൽ
മാങ്കാവ് ജംഗ്ഷൻ, കോഴിക്കോട് – ബാലുശ്ശേരി റോഡിൽ എരഞ്ഞിപ്പാലം കാരപ്പറമ്പ്, കോഴിക്കോട് – രാമനാട്ടുകര റോഡിൽ തൊണ്ടയാട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് രാവിലെ മുതൽ രാത്രിവരെയും കുരുക്കുള്ളത്. പാളയം, സ്റ്റേഡിയം ജംഗ്ഷനുകൾ, കെ.എസ്.ആർ.ടി.സി പരിസരം, അരയിടത്തുപാലം, റെയിൽവേ സ്റ്റേഷനു മുൻവശം എന്നിവിടങ്ങളിലും കുരുക്കുണ്ട്.
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ വന്ന തടസങ്ങളും ടൗണിൽ മതിയായ സ്ഥലം കിട്ടാത്തതുമാണ് ‘പാർക്കിംഗ് ഫ്രണ്ട്ലി’ (പാർക്കിംഗ് പ്ളാസകൾ) പദ്ധതിയ്ക്ക് തിരിച്ചടിയായത്. വീതി കുറഞ്ഞ റോഡുകളിൽ പാർക്കിംഗ് അനുവദിച്ചാൽ ഗതാഗതം തടസപ്പെടും. മിഠായിത്തെരുവിന് സമീപം ബഹുനില പാർക്കിംഗ് പ്ലാസ നിർമ്മിക്കാൻ ആലോചിച്ചിരുന്നു. ഇതിനായി ഇവിടുത്തെ കെട്ടിടം പൊളിച്ചെങ്കിലും നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചില്ല.
ചെറുവണ്ണൂരിലും ഫ്ലൈ ഓവർ പണി നടക്കുന്നതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫറോക്ക് പഴയ പാലത്തിൽ സിഗ്നൽ പ്രശ്നം മൂലം അധിക ദിവസവും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
