അഭ്യാസികൾ സൂക്ഷിക്കുക; എട്ട് സെക്കൻഡ് കൈവിട്ടാൽ വണ്ടി തനിയെ നിൽക്കും; ഇരുചക്രവാഹനങ്ങൾക്ക് കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നു..!
ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ഹാൻഡിലിൽ നിന്നും കൈകൾ പൂർണ്ണമായി വിട്ട് റോഡുകളിൽ അഭ്യാസപ്രകടനം നടത്തുന്നവരെയും അമിതവേഗതയിൽ ചീറിപ്പായുന്നവരെയും പൂട്ടാൻ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന വേളയിൽ യാത്രക്കാരുടെ രണ്ടു കൈകളും ഹാൻഡിലിൽ തന്നെയുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തുന്ന ‘ഹാൻഡ്സ് ഫ്രീ’ എന്ന അത്യാധുനിക സാങ്കേതികവിദ്യ രാജ്യത്ത് നിർബന്ധമാക്കാനാണ് കേന്ദ്ര നീക്കം.
ട്രാഫിക് പോലീസിന്റെയോ റോഡിലെ നിരീക്ഷണ ക്യാമറകളുടെയോ കണ്ണുവെട്ടിച്ച് ഇനി ആർക്കും അഭ്യാസപ്രകടനങ്ങൾ നടത്താനാകില്ല. വാഹനങ്ങളുടെ നിർമ്മാണ വേളയിൽ തന്നെ കമ്പനികൾ ഈ സാങ്കേതികവിദ്യ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്തെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി ഏർപ്പെടുത്തുന്ന ത്രിതല സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. പുതിയ സാങ്കേതികവിദ്യ വാഹനങ്ങളിൽ വരുന്നതോടെ ബൈക്ക് യാത്രക്കാരൻ തന്റെ രണ്ടു കൈകളും ഹാൻഡിലിൽ കൃത്യമായി വെക്കാതെ വാഹനത്തിന്റെ എൻജിൻ സ്റ്റാർട്ടാകില്ല. ഇനി വാഹനം സ്റ്റാർട്ടായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഹാൻഡിലിൽ നിന്നും രണ്ടു കൈകളും ഒരേസമയം മാറ്റുകയാണെങ്കിൽ, കൃത്യം എട്ട് സെക്കൻഡ് കഴിഞ്ഞിട്ടും കൈകൾ തിരികെ വെച്ചില്ലെങ്കിൽ വാഹനത്തിന്റെ വേഗത തനിയെ കുറഞ്ഞുതുടങ്ങും. തൊട്ടുപിന്നാലെ ഒട്ടും അപകടമുണ്ടാക്കാത്ത വിധം സുരക്ഷിതമായ നിലയിൽ വാഹനം പൂർണ്ണമായും നിലയ്ക്കുകയും ചെയ്യും.
ഇനി യാത്രയ്ക്കിടയിൽ ഒരുകൈ മാത്രമാണ് ഹാൻഡിലിൽ നിന്നും മാറ്റുന്നതെങ്കിൽ മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ ബൈക്കിന്റെ ഡിസ്‌പ്ലേയിൽ ഡിജിറ്റൽ മുന്നറിയിപ്പ് തെളിയും. ഇതിനൊപ്പം ഓഡിയോ അലർട്ടും (ശബ്ദ മുന്നറിയിപ്പ്) വാഹനത്തിൽ നിന്നും പുറത്തുവരും. ഈ മുന്നറിയിപ്പുകൾ അവഗണിക്കുകയാണെങ്കിലും വാഹനത്തിന്റെ വേഗത സ്വയം കുറയുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.
ഇതിനൊപ്പം ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും എല്ലാ ഇരുചക്രവാഹനങ്ങളിലും കർശനമാക്കാൻ നീക്കമുണ്ട്.
ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്സ് കമ്മിറ്റിയാണ് ഇതിനായുള്ള പുതിയ കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളുടെ പ്രതിനിധികളും ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്.
ഇത്തരം അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കുന്നതോടെ ഇരുചക്രവാഹനങ്ങളുടെ വിപണി വിലയിൽ നേരിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിലവർദ്ധനവ് രണ്ടായിരം രൂപയ്ക്കുള്ളിൽ മാത്രമായിരിക്കുമെന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.
