പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ കടയുടമയെ മർദ്ദിച്ച് പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ.
പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ കടയുടമയെ മർദ്ദിച്ച് പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ. ചെട്ടിപ്പടിയിലെ കൊങ്ങന്റെ പുരക്കൽ ഹൗസ് മുഹമ്മദ് മഷൂദി (31) നെ യാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വി മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള വി.എം സ്റ്റോഴ്സിലാണ് ഇയാൾ അതിക്രമിച്ചു കയറിയത്. കടക്കാരനായ വടക്കകത്ത് ചെറിയ ബാവയോട് പണം ആവശ്യപ്പെട്ട പ്രതി, അത് നൽകാത്തതിനെ തുടർന്ന് അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും കടയിലെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കടയിൽ നിന്നും പണം കവർന്ന പ്രതി ഇത് തടയാൻ ശ്രമിച്ച നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടു. തുടർന്ന് പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ്.ഐ അനൂപ്, സുബിൻ, സി.പി.ഒമാരായ അജേഷ്, ശ്യാം പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
