NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂരിൽ ഒന്നരക്കോടിയുടെ ലഹരിവേട്ട; ചോക്ലേറ്റിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; ഫോൺ പുറത്തേക്കെറിഞ്ഞ പോലീസുകാരനും സംശയനിഴലിൽ..!

 

വിദേശത്തുനിന്നും ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുമായി പെരിന്തൽമണ്ണ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി.

പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) ആണ് രണ്ട് കിലോയോളം എം.ഡി.എം.എയുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) വലയിലായത്.

ഇയാൾക്ക് ലഹരിക്കടത്തിൽ സഹായം നൽകിയെന്ന സംശയത്തിൽ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്തു.

 

മസ്കറ്റിൽനിന്നും ഒമാൻ എയർ വിമാനത്തിലെത്തിയ ഹാരിസിനെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ സംഘം പിടികൂടിയത്.

കസ്റ്റംസ് ഹാളിലും വിമാനത്താവളത്തിന് പുറത്തുമായി തമ്പടിച്ച രണ്ട് ഡി.ആർ.ഐ സംഘങ്ങൾ ഹാരിസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

 

ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാരനുമായി സന്ദേശങ്ങൾ കൈമാറിയതായി കണ്ടെത്തിയത്. ഇതോടെ ഡി.ആർ.ഐ സംഘം പോലീസ് എയ്ഡ് പോസ്റ്റ് വളയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

പരിശോധനയ്ക്കിടെ പൊലീസുകാരൻ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് പുറത്തേക്ക് എറിഞ്ഞെങ്കിലും ഡി.ആർ.ഐ സംഘം അത് കണ്ടെടുത്തു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തിന് നോട്ടീസ് നൽകി വിട്ടയച്ചു. ലഹരിക്കടത്ത് സംഘങ്ങൾക്ക് പോലീസിനുള്ളിൽ നിന്ന് സഹായം ലഭിക്കുന്നതായി ഡി.ആർ.ഐക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.

കസ്റ്റഡിയിലെടുത്ത ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ പൊലീസുകാരന്റെ പങ്കിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂ എന്ന് ഉദ്യോഗസ്ഥർ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed