ഹോണടിച്ചതിന് പ്രകോപനം; വണ്ടൂരില്‍ ശശി തരൂര്‍ എം.പിക്ക് നേരെ കയ്യേറ്റശ്രമം; ഗണ്മാന് മര്‍ദ്ദനം; മൂന്നുപേര്‍ കസ്റ്റഡിയില്‍..!
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലെത്തിയ ശശി തരൂര്‍ എം.പിക്ക് നേരെ ബൈക്കിലെത്തിയ സംഘത്തിന്റെ കയ്യേറ്റശ്രമം.
വണ്ടൂര്‍ ചെള്ളിത്തോട് വെച്ച് കഴിഞ്ഞ രാത്രിയാണ് സംഭവം. എ.പി. അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍.
ഗതാഗതക്കുരുക്കില്‍ പെട്ട സമയത്ത് തരൂരിന്റെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചത് ബൈക്കിലെത്തിയ സംഘത്തെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ശശി തരൂരിനെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ തരൂരിന്റെ ഗണ്മാന് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഗണ്മാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാന പ്രതിയായ ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
തിരക്കേറിയ റോഡില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് വണ്ടൂര്‍ പോലീസ്.
