അബുദാബി അപകടം; മരണത്തിലും വേർപിരിയാതെ സഹോദരങ്ങൾ; ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരനും മരിച്ചു; ആകെ മരണം അഞ്ചായി..!
അബുദാബി – ദുബായ് ഹൈവേയിലുണ്ടായ വാഹനാപകടത്തിന്റെ നടുക്കത്തിൽ കഴിയുന്ന കിഴിശ്ശേരിക്ക് വീണ്ടും തീരാനൊമ്പരമായി എട്ടു വയസ്സുകാരൻ അസാമിന്റെ വേർപാട്. അപകടത്തെത്തുടർന്ന് അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അസാം ഇന്ന് രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (15), അമ്മാർ (12), അയാഷ് (5) എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന തിരൂർ സ്വദേശിനി ബുഷ്റയും ഇന്നലെ മരിച്ചിരുന്നു.
കുടുംബത്തിലെ നാലു മക്കളെയും ഒരേസമയം വിധി കവർന്നെടുത്തത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ്, ഭാര്യ റുക്സാന, മകൾ ഇസ്സ എന്നിവർ ചികിത്സയിലാണെങ്കിലും നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. മരിച്ച ബുഷ്റയുടെ മയ്യിത്ത് നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
അതേസമയം, മിനിഞ്ഞാന്ന് മദീനയിൽ മഞ്ചേരി സ്വദേശികളായ നാല് പേരുടെ മരണത്തിന് കാരണമായത് റോഡിന് കുറുകെ ട്രെയിലർ നീങ്ങിയതെന്ന് ട്രാഫിക് പൊലീസ് റിപ്പോർട്ട്. ട്രെയിലർ റോഡിലേക്ക് തെന്നി നീങ്ങി മലയാളികൾ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. വെള്ളില സ്വദേശികളായ ജലീൽ, ഭാര്യ, മകൻ, മാതാവ് എന്നിവരാണ് മരിച്ചിരുന്നത്.
അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയുടെ നില അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരമായി തുടരുകയാണ്. പൊലീസ് റിപ്പോർട്ട് പ്രകാരം, വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ സഞ്ചരിച്ച വാഹനം റോഡിന്റെ നടുവിലെ ട്രാക്കിലായിരുന്നു.
ഇവരുടെ മുന്നിലുണ്ടായിരുന്ന പുല്ല് കൊണ്ടു പോകുന്ന ട്രെയിലറിന്റെ പിറകു വശം റോഡിലേക്ക് തെന്നി നീങ്ങി ഇവരുടെ കാറിലിടിച്ചു. ഇതാണ് കാർ തകരാൻ കാരണം. ജലീലും കുടുംബവും സഞ്ചരിച്ച ഷെവലെ താഹോ കാർ ശരിയായ ദിശയിലായിരുന്നു. ട്രെയിലറിന്റെ പിഴവാണ് അപകട കാരണം.
