വീടിന് പരിസരം കൊതുകും എലിയും വളരുന്ന സാഹചര്യം: ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി കോടതി


പരപ്പനങ്ങാടി : വീടിന് പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകർച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.
നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി. അനൂപ് ചാർജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്.
2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷൻ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് നോട്ടീസിനാൽ നൽകിയിട്ടും നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് കേസ് ചാർജ് ചെയ്തത്.
ജില്ലയിൽ പൊതുജനാരോഗ്യ നിയമം നിലവിൽ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്.