സ്ഫോടക വസ്തുക്കൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ആരുടെതെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി
കോഴിക്കോട്: സ്ഫോടക വസ്തുക്കൾ കോഴിക്കോടുള്ള റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട വലിയപറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്താണ് സ്ഫോടക വസ്തുക്കൾ കണ്ടത്.
എട്ട് പെട്ടിയോളം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇതുവഴി പോയ പ്രദേശവാസിയാണ് പെട്ടികൾ കണ്ടത്. തുടര്‍ന്ന് അടുത്തുള്ളവരെ വിവരം അറിയിച്ചു. മുക്കം പോലീസ് എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി ഇവ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രണ്ട് പെട്ടികള്‍ പൊട്ടിയ നിലയിലും മറ്റുള്ളവ പൊട്ടിക്കാത്ത നിലയിലുമാണ് കാണപ്പെട്ടത്. സ്ഫോടക വസ്തു ശേഖരം ആരുടേതാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ഇവിടങ്ങളിലേക്ക് പാറ പൊട്ടിക്കാനായി എത്തിച്ചവയാണോ എന്നും സംശയമുണ്ട്. അതേസമയം ഇത്രയധികം സ്ഫോടക വസ്തുക്കള്‍ കണ്ടത് നാട്ടുകാരിലും ആശങ്കയുളവാക്കിയിട്ടുണ്ട്. സംഭവത്തിലെ സത്യാവസ്ഥ എത്രയും പെട്ടെന്ന് പുറത്തുവരുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
