NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയം: നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.

 പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കുന്നതിന് തീരുമാനമായി. നിയോജകമണ്ഡലം എം.എൽ.എ കെ.പി.എ മജീദിന്റെ നേതൃത്വത്തിൽ നടന്ന ബന്ധപ്പെട്ട എൻജിനീയർമാരുടെയും, പരപ്പനങ്ങാടി കോടതി ബാർ അസോസിയേഷൻ ഭാരവാഹികളുടെയും,  നിർമ്മാണ ചുമതലയുള്ള ‘നിർമ്മാൺ’ കൺസ്ട്രക്ഷൻസ് ന്റെയും സംയുക്ത യോഗത്തിലാണ്  തീരുമാനമായത്.
യോഗത്തിനുശേഷം ബന്ധപ്പെട്ടവർ സ്ഥലം പരിശോധന നടത്തി ബന്ധപ്പെട്ട ജഡ്ജിമാരുമായും കൂടിയാലോചന നടത്തി. നിർമ്മാനത്തിന്റെ മുന്നോടിയായി പ്രവർത്തി സ്ഥലത്ത് നിന്നും വനംവകുപ്പ് 70,000 രൂപ വിലയിട്ട മുറിച്ച് മാറ്റേണ്ട ഏഴ് മരങ്ങൾ നിർമ്മാൺ കൺസ്ട്രക്ഷൻസ് അടിയന്തരമായി മുറിച്ച് മാറ്റും.
മരങ്ങൾ കൊണ്ടുപോകുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ കോടതി വളപ്പിൽ സൂക്ഷിക്കുതിനുള്ള അനുമതി കോടതിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. മുറിച്ചുമാറ്റിയ മരങ്ങൾ ടെൻഡർ നടപടികൾ പൂർത്തീകരിച്ച ശേഷം ടെൻഡർ ഏറ്റെടുത്ത കരാറുകാർക്ക് കൊണ്ടുപോകാവുന്ന രൂപത്തിലാണ് അറേഞ്ച് ചെയ്തിട്ടുള്ളത്.
മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യവും വിശാലതയും ഉള്ള പരപ്പനങ്ങാടി കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25.57 കോടിയുടെ  ഭരണാനുമതിയാണ് വകയിരുത്തിയിട്ടുള്ളത്. നേരത്തെ നിരവധി തവണ പ്രൊപ്പോസലുകൾ സർക്കാരിൽ നൽകിയിരുന്നെങ്കിലും, വിവിധ കാരണങ്ങളാൽ അഞ്ചുതവണ മടക്കിയിരുന്നു. തുടർന്ന് കെ.പി.എ മജീദ് എം.എൽ.എ  ഹൈക്കോടതിയെ സമീപിച്ചതോടെ ഹൈക്കോടതി അംഗീകരിച്ച എസ്റ്റിമേറ്റും പ്ലാനും അടങ്ങിയ പ്രൊപ്പോസൽ പ്രകാരം 25.57 കോടി രൂപ ഭരണാനുമതി ലഭിച്ചത്.
പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തി നൂതനമായ രൂപത്തിലുള്ള നിർമ്മാണ പ്രവർത്തികളാണ് പ്ലാൻ പ്രകാരം ആസൂത്രണം ചെയ്തിട്ടുള്ളത്.
കോടതി വളപ്പിൽ  നിലനിർത്താവുന്ന മരങ്ങൾ നിലനിർത്തും. നിർമ്മാണത്തിന് വേണ്ടി പൊളിച്ച് മാറ്റുന്ന പഴയ ചെറിയ കെട്ടിടത്തിലെ ഫയലുകൾ ഈ ആഴ്ചക്കുള്ളിൽ തന്നെ കോടതിയിലെ മറ്റു കെട്ടിടത്തിലേക്ക് മാറ്റും.
തുടർന്ന് നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിന് 18 മാസമാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മാൺ കൺസ്ട്രക്ഷന് സമയം അനുവദിച്ചിട്ടുള്ളതെങ്കിലും15 മാസത്തിനുള്ളിൽ  പൂർത്തീകരിക്കാനാവുമെന്ന്  നിർമ്മാൺ മാനേജിങ് ഡയറക്ടർ മുഹമ്മദലി പറഞ്ഞു.
കെ.പി.എ മജീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന  യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഹനീഫ, അഡ്വ. ഹാരിഫ്, അഡ്വ. കെ. കെ സൈതലവി, ബാർ അസോസിയേഷൻ ഭാരവാഹികളായ വാസുദേവൻ, മാഹിറലി, ജവാദ്, സീനിയർ അഭിഭാഷകരായ മോഹൻദാസ്, കുഞ്ഞിമുഹമ്മദ്‌, കുഞ്ഞാലിക്കുട്ടി, റാഷിദ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ  ഗോപൻ, അസിസ്റ്റന്റ് എൻജിനീയർ ബിജു, ഓവർസിയർ അഭയ് ദേവ് ,  ടി.കെ. നാസർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *