NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീട്ടില്‍ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷന്‍

കൊല്ലത്ത് വീട്ടില്‍ പ്രസവിച്ച അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന വനിതാ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചടയമംഗലം കള്ളിക്കാട് സ്വദേശിനിയായ അശ്വതിയും ഇവരുടെ നവജാത ശിശുവുമാണ് കഴിഞ്ഞ ദിവസം പ്രസവത്തിനിടെ സ്വന്തം വീട്ടില്‍ വച്ച് മരിച്ചത്. ഒക്ടോബര്‍ ആറിന് രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം.

അശ്വതിയുടെ ഭര്‍ത്താവും മകനും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അശ്വതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.

അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയല്‍വാസികള്‍ പറയുന്നത്. രാത്രിയില്‍ അശ്വതിക്ക് പ്രസവ വേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് തയ്യാറായില്ലെന്നും ഇയാള്‍ അശ്വതിയുടെ പ്രസവമെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പിന്നേറ്റ് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യ വകുപ്പിനേയും കാര്യങ്ങള്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *