ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു.


ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. സ്റ്റുഡിയോ ഉടമ വെല്ലൂർ ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ ദുരൈവർമ(49), മകൾ മോഹനപ്രീതി (13) എന്നിവരാണ് മരിച്ചത്.
വീട്ടുവരാന്തയിൽ തന്‍റെ പുതിയ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച് കിടന്നുറങ്ങിയതായിരുന്നു ദുരൈവർമയും മകളും.
ജനലുകളില്ലാത്ത ആസ്ബറ്റോസ് മേൽക്കുരയോടുകൂടിയ ചെറിയ രണ്ട് മുറി വീടാണ് ഇവരുടേത്. ശനിയാഴ്ച പുലർച്ച രണ്ടരയോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിക്കുകയിരുന്നു.
തൊട്ടടുത്ത് നിർത്തിയ മറ്റൊരു ബൈക്കിനും വീടിനും തീപിടിച്ചു. ആളിപ്പടരുന്ന തീയും കറുത്ത പുകയും കാരണം ദുരൈവർമയും മോഹനപ്രീതിയും പുറത്തുകടക്കാനാവാതെ മുറിക്കുള്ളിൽ കുടുങ്ങി. സമീപവാസികൾ രക്ഷാ പ്രവർത്തനത്തിനെത്തിയെങ്കിലും ഫലമുണ്ടായില്ല. ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചത്.
ഷോർട്ട്സർക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു. പഴയ സോക്കറ്റിലാണ് സ്കൂട്ടറിന്‍റെ ചാർജ് പ്ലഗ് ചെയ്തിരുന്നത്. വർഷങ്ങൾക്ക് മുൻപെ ദുരൈവർമയുടെ ഭാര്യ മരണപ്പെട്ടിരുന്നു. 10 വയസുള്ള മകൻ അവിനാഷ് തൊട്ടടുത്ത ബന്ധു വീട്ടിൽ വിരുന്നുപോയിരുന്നു.