കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും അടയ്ക്ക മോഷ്ടിച്ച നാല് യുവാക്കൾ അറസ്റ്റിൽ
താനൂർ: നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും അടയ്ക്ക മോഷ്ടിച്ച നാല് യുവാക്കൾ അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയാണ് മോഷണം നടന്നത്. വിൽക്കാനായി വീട്ടിൽ സൂക്ഷിച്ച 43,000 രൂപയോളം വിലവരുന്ന 3 ചാക്ക് പൊളിച്ച അടയ്ക്കയാണ് നഷ്ടപ്പെട്ടത്.
കുണ്ടൂർ, ജയറാംപടി സ്വദേശി തോട്ടുങ്ങൽ മുഹമ്മദ് ഷിബിൽ (20), കൊടിഞ്ഞി സ്വദേശികളായ കരുവാട്ടിൽ ആസിഫ് (24), പൂക്കയിൽ അഫ്സൽ (21), കക്കാട് സ്വദേശി വടക്കൻ ഷഫീഖ് റഹ്മാൻ (19) എന്നിവരെയാണ് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സമീപ പ്രദേങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചും, അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. കുറ്റം സമ്മതിച്ച പ്രതികൾ മോഷ്ടിച്ച അടയ്ക്ക വിൽപ്പന നടത്തിയതായും, മയക്കുമരുന്നിനും, വിനോദയാത്ര നടത്താനുമാണ് പണം ചെലവഴിച്ചതെന്നും പ്രതികൾ പറഞ്ഞു.
താനൂർ എസ്.എച്ച്.ഒ ജീവൻ ജോർജ്, എസ്ഐ സലീഷ്, സീനിയർ സിപിഒ കെ സലേഷ്, സിപിഒമാരായ സബറുദ്ധീൻ, ജിനേഷ്, ലൂഷ്യസ് , പങ്കജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
