നവീകരിച്ച പരപ്പനങ്ങാടി ബസ് സ്റ്റാൻഡ് ഉദ്‌ഘാടനത്തിന് ഒരുങ്ങി
പരപ്പനങ്ങാടി: ഏറെ കാത്തരിപ്പിന് ശേഷം പരപ്പനങ്ങാടി ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയായി ഉദ്‌ഘാടനത്തിന് ഒരുങ്ങി . മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി, കോട്ടക്കൽ എന്നീ കിഴക്കൻ മേഖലയിലേക്കുള്ള ബസ്സുകളാണ് ഇവിടെ പാർക്കു ചെയ്യുക. വർഷങ്ങളായി പരിമിതികളിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്റ്റാൻഡ് നവീകരിച്ചതോടെ യാത്രക്കാരുടെ പ്രായാസം ഒരു പരിധിവരെ നീങ്ങി. സ്റ്റാൻഡിൽ മോഡേൺ ബസ്ബേയും നിർമിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് നിരവധി യാത്രാ സൗകര്യമുള്ള പരപ്പനങ്ങാടിയിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ദിവസവും നൂറ്റിയമ്പതിലധികം ബസുകൾ വന്നു പോകുന്നുണ്ട്. ഇത്രയും ബസുകളെ ഉൾക്കൊള്ളാൻ ഈ സ്റ്റാൻഡിന് സാധ്യമല്ല. താനൂർ, തിരൂർ, ചമ്രവട്ടം ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കായി നഗരസഭ ഓഫീസിനു മുന്നിലെ നടപ്പാതക്ക് മീതെ പണിത ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം.
ഏറെ യാത്രക്കാരുള്ള മെഡിക്കൽ കോളജ്, കാലിക്കറ്റ് യൂനിവേഴ്സ്റ്റി, ചാലിയം തുറമുഖം എന്നീ ഭാഗങ്ങളിലേക്കുളള യാത്രക്കാർ നടുറോഡിലാണ് ബസ്സുകൾ കാത്തു നിൽക്കുന്നത്. ഇത് പരിഹരിക്കാൻ ഈ ഭാഗങ്ങളിലെ ബസുകൾക്കായി പുതിയ സ്റ്റാൻഡ് നിർമിക്കാനുള്ള പ്രവർത്തനത്തിലാണ് നഗരസഭ ഭരണസമിതി. ഇതിനായുള്ള പ്രാഥാമിക പ്രവർത്തനം നടന്നിട്ടുണ്ട്. നേരത്തെ ഗ്രാമ പഞ്ചായത്ത് സ്വന്തമായി വലിയ ബസ് സ്റ്റാൻഡ് പണിയാൻ വിവിധ പദ്ധതികൾ മുന്നോട്ടു വെച്ചിരുന്നു.
അത് വിവിധ കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാൻഡ് വരുന്നത് വരെ കോഴിക്കോട്, താനൂർ ഭാഗത്തേക്കുള്ള ബസുകളും അവിടേക്ക് മാറ്റണമെന്നാണ് ജനാഭിപ്രായം. നവീകരിച്ച ബസ് സ്റ്റാൻഡിന്റെ ഉദ്‌ഘാടനം 31ന് വൈകീട്ട് 3.30ന് കെ.പി.എ മജീദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ അധ്യക്ഷനാകും. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് ഉപഹാര സമർപ്പണം നടത്തും.
