ജില്ലയിലെ കെ റെയിൽ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു; പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി
പരപ്പനങ്ങാടി: ജില്ലയിലെ കെ.റെയില്‍ ഓഫീസ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന പരപ്പനങ്ങാടിയിലെ കെ റെയിൽ സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസാണ് തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ഓഫീസിനകത്തേക്ക് ജീവനക്കാരെ പ്രവേശിപ്പിക്കാതെ ഒന്നര മണിക്കൂറോളം ഉപരോധിച്ചു.
രാവിലെ ഒമ്പതരയോടെ തന്നെ യൂത്ത് ലീഗ് പ്രവർത്തകർ ഓഫീസിന്റെ വാതിലിൽ കൊടിനാട്ടി ഉപരോധം ആരംഭിച്ചുരുന്നു. ജീവനക്കാർ ഓഫീസ് തുറക്കാൻ എത്തിയതോടെ മുദ്രാവാക്യങ്ങളുമായി തുറക്കാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. രഹസ്യമായി ഓഫീസ് പ്രവർത്തനം തുടങ്ങാനായിരുന്നതാണ് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞത്.

പരപ്പനങ്ങാടി കെറെയിൽ വിരുദ്ധ ആക്ഷൻ സമിതി പ്രവർത്തകരും പിന്തുണയുമായി സമരത്തിൽ പങ്കെടുത്തു. പിന്നീട് പതിനൊന്ന് മണിയോടെ പരപ്പനങ്ങാടി പൊലിസ് എത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പിന്നീട് ജാമ്യം ലഭിച്ച പ്രവർത്തകരുമായി പരപ്പനങ്ങാടി ടൗണിൽ പ്രകടനവും നടത്തി. സമരത്തിന് നേതൃത്വം നൽകിയ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് പി അലിഅക്ബർ, സെക്രട്ടറി യു.എ റസാഖ്, കടവത്ത് സൈതലവി,
ഉസ്മാൻ കാച്ചടി, മുനിസിപ്പൽ കൗൺസിലർ ബേബി അച്യുതൻ, മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ പി.പി ഷാഹുൽഹമീദ്, ആസിഫ് പാട്ടശ്ശേരി, വി.എ കബീർ, കെ.പി നൗഷാദ്, ജംഷീർ മാപ്പൂട്ടിൽ, സി.എച്ച് റഷീദ്, പരപ്പനങ്ങാടി കെ റെയിൽ വിരുദ്ധ ആക്ഷൻ സമിതി പ്രവർത്തകരായ പണ്ടാരി മുനീർ, കെ.പി ഹാഷിം, ചെങ്ങാടൻ ഹംസ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
