സ്‌കൂളുകള്‍ തുറക്കുന്നത് പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചു.
2020 സെപ്റ്റംബര്‍ 30 ന് അണ്‍ലോക്ക് 5 ന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിശദമായ മാര്‍ഗരേഖയിൽ ഒക്ടോബര്‍ 15 ന് ശേഷം ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ്. ആ ഉത്തരവ് ഇപ്പോഴും നില നില്‍ക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് സ്‌കൂളുകള്‍ തുറക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടേയും അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചിരുന്നു. .
