NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയില്‍ ഗ്രാമീണ മേഖലയില്‍ ആന്റിജെന്‍ പരിശോധന ക്യാമ്പുകള്‍ തുടങ്ങി

പരപ്പനങ്ങാടി നഗരസഭയില്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ ഗ്രാമീണ മേഖലയില്‍ തുടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആന്റിജെന്‍ ടെസ്റ്റ് ക്യാമ്പുകള്‍ തുടങ്ങിയിരിക്കുന്നത്. നെടുവ വിദ്യാനികേതന്‍ സ്‌കൂളിലായിരുന്നു വെള്ളിയാഴ്ചയിലെ ( ജൂലൈ 23) കോവിഡ് പരിശോധന ക്യാമ്പ്. രാവിലെ 10 മുതല്‍ ഉ്ച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടത്തിയത്. 62 ആളുകളെ പരിശോധിച്ചതില്‍ ഒന്‍പത് പേര്‍ പോസിറ്റീവായി.

പരപ്പനങ്ങാടിയില്‍ ആദ്യഘട്ടത്തില്‍ നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയിരുന്നതെങ്കില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ ക്യാമ്പ് നടത്താന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരമാണ് നെടുവയില്‍ ആളുകളെ പരിശോധനയ്്ക്ക് വിധേയരാക്കിയത്. വ്യാഴാഴ്ച ചെട്ടിപ്പടി കീഴ്ചിറ അംഗനവാടിയിലും പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇവിടെ 72 പേരെയാണ് പരിശോധിച്ചത്.ഇതില്‍ ഒന്‍പത് പേര്‍ പോസറ്റീവായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് കോവിഡ് പരിശോധനയും നടപടികളും ഊര്‍ജ്ജിതമാക്കിയത്.

 

നഗരസഭ കൗണ്‍സിലര്‍മാരായ സി ജയദേവന്‍, ഒ സുമി റാണി, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെവി രാജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബൈജു, നെടുവ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എഫ് ജോയ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു ക്യാമ്പ്. മഹല്ല് കമ്മിറ്റികള്‍, ക്ഷേത്രസംരക്ഷണ സമിതികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഗ്രാമീണ മേഖലയിലെ കോവിഡ് പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

 

വ്യാപാരികള്‍്ക്കായി ചെട്ടിപ്പടി വ്യാപാരഭവനില്‍ ശനിയാഴ്ച ക്യാമ്പ് നടത്തും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അവിടെ വെച്ചു തന്നെ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. തിങ്കളാഴ്ച പുത്തരിക്കല്‍ ഉള്ളണം റോഡിലുള്ള നജ്മുല്‍ ഹുദ മദ്രസ, ചൊവ്വാഴ്ച പരപ്പനങ്ങാടി ടൗണ്‍ സ്‌കൂള്‍, വെള്ളിയാഴ്ച സദ്ദാം ബീച്ചിലെ ബദരിയ്യ മദ്രസ എന്നിവിടങ്ങളില്‍ ആന്റിജെന്‍ ടെസ്റ്റ് ക്യാമ്പ് നടത്തും. ചെട്ടിപ്പടിയിലെ നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പുത്തരിക്കലിലെ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ എല്ലാ ദിവസവും കോവിഡ് പരിശോധന സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *