NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാചകവാതകക്ഷാമം നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍; പാചകവാതക വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കും; ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന

സംസ്ഥാനത്തെ പാചകവാതകക്ഷാമം നേരിടാന്‍ നടപടിയുമായി സര്‍ക്കാര്‍. സിലിണ്ടറുകളുടെ വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളെയാണ് പാചകവാതക ക്ഷാമം നിലവില്‍ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. നാളെയോടുകൂടി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

 

ഗാര്‍ഹികേതര പാചകവാതക വിതരണത്തിലാണ് മുന്‍ഗണനാ ക്രമം നിശ്ചയിക്കുക. ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും. പാചകവാതക ഉപയോഗം നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചിരിക്കുന്നത്.

 

വ്യാവസായിക – ഗാര്‍ഹിക ഉപയോഗങ്ങള്‍ക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാനാണ് സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുക. ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് പാചക വാതക പ്രതിസന്ധി നേരിടാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളാന്‍ തീരുമാനിച്ചത്. വ്യവസായിക ഗ്യാസ് സിലണ്ടറുകള്‍ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഗ്യാസ് സിലണ്ടര്‍ നല്‍കണം എന്നും യോഗം അവലോകനം ചെയ്തു.

ആശുപതികള്‍ , വൃദ്ധ സദനങ്ങള്‍ , അനാഥാലയങ്ങള്‍ , സ്‌കൂളുകള്‍ , ജനകീയ അടുക്കളകള്‍ , ഐ ടി പാര്‍ക്കിലെ ക്യാന്റീനുകള്‍ , ഫാക്ടറികളിലെ ക്യാന്റീനുകള്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *