ചെമ്മാട് സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവം: രണ്ട് പേർ കൂടി പിടിയിൽ, കേസിൽ പിടിയിലായവരുടെ എണ്ണം നാലായി
തിരൂരങ്ങാടി: ചെമ്മാട് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം പന്നിക്കോട് എരഞ്ഞിമാവ് സ്വദേശികളായ തെഞ്ചീരിപറമ്പിൽ നിസാർ (42), തെഞ്ചീരിപറമ്പിൽ ഇർഷാദ് (28) എന്നിവരാണ് പുതുതായി പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കഴിഞ്ഞ ബുധനാഴ്ച കാസർകോട് സ്വദേശി ടി.എ സജി എന്ന മുഹമ്മദ് സലിം (52), കണ്ണൂർ സ്വദേശി കരിമ്പൻ അനിൽകുമാർ (51) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പുതിയ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
വൻ സന്നാഹത്തോടെയുള്ള കടത്ത് വെള്ളിയാഴ്ച അർധരാത്രിയോടെ ചെമ്മാട് കോഴിക്കോട് ഫർഹ ഹോളോക്‌സ് കമ്പനി കോംപൗണ്ടിൽ വെച്ചാണ് പോലീസ് റെയ്ഡ് നടത്തിയത്. സവാള കയറ്റിവന്ന ലോറിയിൽ അതീവ രഹസ്യമായാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. 132 ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.
1,34,400 എക്‌സ്‌പ്ലോസിവ് ജലാറ്റിൻ സ്റ്റിക്കുകൾ, 10,500 ഡെറ്റ് ഷോക് ട്യൂബ് വയറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
സംഭവസ്ഥലത്തുനിന്ന് കടത്താൻ ഉപയോഗിച്ച ലോറിക്ക് പുറമെ, ഒരു പിക്കപ്പ് വാനും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്രയും വലിയ സ്ഫോടകവസ്തു ശേഖരം എവിടേക്കാണ് കൊണ്ടുപോയതെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
