‘ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്’; തിരൂരങ്ങാടിയിൽ ഏഴ് ഗുഡ്സ് വാഹനങ്ങൾ കസ്റ്റഡിയിൽ, അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ്
തിരൂരങ്ങാടി: നഗരസഭയിൽ ആരോഗ്യ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്’ പദ്ധതിയുടെ ഭാഗമായി വ്യാപക പരിശോധന. ബുധനാഴ്ച രാത്രി നഗരസഭയുടെ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ റോഡ് കൈയേറി കച്ചവടം നടത്തിയ ഏഴ് ഗുഡ്സ് ഓട്ടോകൾ കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അഞ്ച് ഫാസ്റ്റ് ഫുഡ് കടകൾക്ക് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
നഗരസഭാ കൗൺസിൽ കച്ചവടം നിരോധിച്ച വില്ലേജ് ഓഫീസ് പരിസരത്ത് അനധികൃതമായി മത്സ്യക്കച്ചവടം നടത്തിയ അഞ്ച്ഗു ഡ്സ് ഓട്ടോകളും, ഖദീജ ടെക്സ്റ്റൈൽസിന് മുൻവശം ഫ്രൂട്ട്സ് കച്ചവടം നടത്തിയ രണ്ട് ഗുഡ്സ് ഓട്ടോകളുമാണ് പിടിച്ചെടുത്തത്.
ഇത്തരം വാഹനങ്ങൾ റോഡിലേക്ക് മലിനജലവും അവശിഷ്ടങ്ങളും ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാ ണ് നടപടി. കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 50,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ പിഴ ഈടാക്കിയ ശേഷം വിട്ടുകൊടുക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പന്താരങ്ങാടി, വെഞ്ചാലി ഭാഗങ്ങളിൽ നമ്പറില്ലാത്ത കെട്ടിടങ്ങളിലും താൽക്കാലിക ഷെഡുകളിലുമായി പ്രവർത്തിച്ചിരുന്ന അഞ്ച് ഹോട്ടലുകൾക്കാണ് നോട്ടീസ് നൽകിയത്. ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാതെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് ഇവ പ്രവർത്തിക്കുന്നത്. രണ്ട് ദിവസത്തിനകം ലൈസൻസ് എടുക്കാത്ത പക്ഷം ഇവ കർശനമായി അടച്ചുപൂട്ടും. രാത്രികാലങ്ങളിൽ പഴകിയ മത്സ്യവും ഫ്രൂട്ട്സും വിൽക്കുന്നതായും സ്ക്വാഡ് കണ്ടെത്തി.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. നഗരസഭാ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ നേതൃത്വം നൽകി. സ്ക്വാഡ് അംഗങ്ങളായ ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, സീനിയർ പി.എച്ച്.ഐ. മോഹൻദാസ് എ., പി.എച്ച്.ഐമാരായ സ്മിത പി.പി, ശ്രീജി എസ്, വിജേഷ് കുമാർ കെ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
