പന്തീരാങ്കാവ് ടോൾ പ്ലാസയിൽ മരംകയറ്റിയ ലോറി കുടുങ്ങി; ഗതാഗതതടസ്സം ഒഴിവാക്കിയത് മരംമുറിച്ചുമാറ്റി
പന്തീരാങ്കാവ് (കോഴിക്കോട്): മരത്തടികൾ കയറ്റിവന്ന ലോറി ടോൾപ്ലാസയ്ക്കുള്ളിൽ കുടുങ്ങി ഗതാഗതം സ്തംഭിച്ചു.
ഒടുവിൽ മീഞ്ചന്തയിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി ലോറിയിൽനിന്ന് ടോൾപ്ലാസയുടെ സ്‌റൈയറിലേക്ക് ഇടിച്ചുകുടുങ്ങിയ തടികൾ മുറിച്ചുമാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.
വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് സംഭവം.
കാസർകോട്ടുനിന്ന് എറണാകുളത്തേക്ക് അക്കേഷ്യ മരം കൊണ്ടുപോകുന്ന ലോറിയാണ് കുടുങ്ങിയത്.
മീഞ്ചന്ത നിലയത്തിലെ സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഡബ്ല്യു. സനലിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാസേന ഓഫീസർമാരായ സി.പി. അൻവർ, പി. മധു, ജോസഫ് ബാബു, പി.കെ. മനുപ്രസാദ്, പി. സ്വാതി കൃഷ്ണ, ഹോംഗാർഡ് അബി രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് മരത്തടികൾ മുറിച്ചുമാറ്റിയത്.
