മുഹമ്മദ് അസ്ഹറുദ്ദീൻ ഇനി മന്ത്രി; സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വർമ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യമാണ് അദ്ദേഹത്തിന്റെ വരവോടെ നികത്തപ്പെടുന്നത്. അസ്ഹറുദ്ദീൻ കൂടി ഉൾപ്പെട്ടതോടെ മന്ത്രിസഭയിലെ അംഗബലം 16 ആയി ഉയർന്നു. മന്ത്രിസഭയിൽ ഇനി 2 ഒഴിവുകളാണുള്ളത്. നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയ്ക്ക് 18 മന്ത്രിമാർ വരെയാകാം.
അസ്ഹറുദ്ദീൻ നിലവിൽ നിയമസഭാംഗം അല്ല. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ ഒരുലക്ഷത്തിലധികം മുസ്ലിം വോട്ടര്‍മാരുണ്ട്. ബിആർഎസ് എംഎൽഎ മാഗന്തി ഗോപിനാഥ് ഈ വർഷം ജൂണിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
“എനിക്ക് സന്തോഷമുണ്ട്. എൻ്റെ പാർട്ടിയുടെ ഹൈക്കമാൻഡിനും പൊതുജനങ്ങൾക്കും എന്നെ പിന്തുണച്ചവർക്കും നന്ദി പറയുന്നു. ഇതിന് (മന്ത്രിയാകുന്നതിന്) ജൂബിലി ഉപതിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ഇവ രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്, അത് തമ്മിൽ ബന്ധിപ്പിക്കരുത്. എന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി ഞാൻ സത്യസന്ധമായി പ്രവർത്തിക്കും.” – അസ്ഹറുദ്ദീൻ പ്രതികരിച്ചു.
