പരപ്പനങ്ങാടി സ്വദേശിയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും തട്ടിയകേസിൽ ദമ്പതികൾ അറസ്റ്റിൽ


പരപ്പനങ്ങാടി : യുവാവിനെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര ചെമ്പയിൽ മഞ്ജു (രമ്യ) എന്ന പേരുകളിൽ അറിയപ്പെടുന്ന വിനീത (36) നെയും ഭർത്താവ് ചെമ്പയിൽ രാഗേഷി (42)നെയുമാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി നെടുവ സ്വദേശിയായ യുവാവിൽ നിന്ന് 2022 സെപ്തംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ പലതവണകളിലായി യുവതി 18 ലക്ഷംരൂപയും എട്ടുപവൻ സ്വർണ്ണവും കൈപറ്റിയെന്നാണ് കേസ്.
ഭർത്താവ് രാഗേഷിന്റെ അറിവോടെയാണ് യുവതി പണം കൈപ്പറ്റിയിരുന്നത്. ഒരു കേസുമായി ബന്ധപ്പെട്ടാണ് യുവതി യുവാവുമായി പരിചയപ്പെടുന്നത്. പിന്നീട് യുവതി കൈപ്പറ്റിയ പണം തിരികെ ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തുകയായിരുന്നു. കോഴിക്കോട് പന്നിയങ്കരയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു. ഭർത്താവ് രാഗേഷിനെ ജാമ്യം നൽകി വിട്ടയച്ചു. അന്വേഷണ സംഘത്തിൽ സിഐക്ക് പുറമെ എസ്ഐമാരായ റീന, വിജയൻ, എസ് സിപിഒ മഹേഷ്, സിപിഒ പ്രജോഷ് എന്നിവരുമുണ്ടായിരുന്നു.