സ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം; 57 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചു..!

പ്രതീകാത്മക ചിത്രം

ആതവനാട് ഗവണ്‍മെന്റ് ഹൈ സ്കൂളില്‍ ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങള്‍ പാലിച്ചു പ്രവർത്തിക്കും.
പനിയോ രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികള്‍ വീട്ടില്‍ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നല്‍കി.
ചിക്കൻപോക്സിന്റെ ലക്ഷണങ്ങൾ ഇവയാണ്; ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകളായി മാറും. പ്രാരംഭഘട്ടത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ എന്നിവയാണ് ഈ രോഗത്തിന്റെ മറ്റു ലക്ഷണങ്ങൾ.
ചിക്കൻപോക്സ് ഉണ്ടെങ്കിൽ മറ്റുള്ളവരിൽനിന്ന് അകന്ന് കഴിയുക. ഇത് അണുബാധ പകരാതിരിക്കാൻ സഹായിക്കും. ചിക്കൻപോക്സ് ബാധിച്ചവർ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരി, പാത്രങ്ങൾ എന്നീ നിത്യോപയോഗ വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക.
കുട്ടികൾക്ക് ചിക്കൻപോക്സ് ഉണ്ടെങ്കിൽ പൊറ്റകൾ കൊഴിഞ്ഞുപോകുന്നതുവരെ സ്കൂളിൽ വിടാതിരിക്കുക. പരീക്ഷ എഴുതുന്ന ചിക്കൻപോക്സ് ബാധിച്ച കുട്ടികൾക്ക് വായുസഞ്ചാരമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കൻപോക്സ് ബാധിച്ച കുട്ടികൾ പൊതുഗതാഗതം ഉപയോഗിക്കരുത്.