ഇന്‍ഷുറന്‍സ് നിഷേധിച്ചു: ക്ഷീര കര്‍ഷകന് 1,30000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍


ക്ഷീര കര്‍ഷകന് ഇന്‍ഷുറന്‍സ് തുകയായി 70,000/രൂപയും നഷ്ടപരിഹാരമായി 50,000/രൂപയും കോടതി ചെലവ് 10,000/രൂപയും നല്‍കാന്‍ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍.
മങ്കട തയ്യില്‍ സ്വദേശിയും ക്ഷീര കര്‍ഷകനുമായ തയ്യില്‍ ഇസ്മായില്‍ നല്‍കിയ പരാതിയിലാണ് വിധി.
പാലക്കാട് നിന്നും 70,000/ രൂപ നല്‍കി വാങ്ങിയ മുന്തിയ ഇനം പശു പ്രസവിച്ച ശേഷം പ്രതിദിനം 23 ലിറ്ററോളം പാല്‍ ലഭിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രോഗം വരികയും ഡോക്ടറെ കാണിച്ച് മരുന്ന് കൊടുക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസത്തിനകം പശു ചത്തു.
ഇന്‍ഷുര്‍ ആവശ്യത്തിനായി പശുവിനെ പരിശോധിച്ച അതേ ഡോക്ടര്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുന്നതിനായി പശുവിന്റെ ഫോട്ടോ എടുത്തപ്പോള്‍ ടാഗ് കാണുന്നതിനായി ഇടതുവശം ചെവിയോട് ചേര്‍ത്തു വെച്ചാണ് ഫോട്ടോ എടുത്തത്. എന്നാല്‍ ടാഗ് പതിച്ചിരുന്നത് വലത് വശം ചെവിയിലായിരുന്നെന്ന കാരണം പറഞ്ഞ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ചു.
വെറ്റിനറി ഡോക്ടര്‍ വസ്തുതകള്‍ വിവരിച്ചുള്ള രേഖ നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. പശുവിന് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ പരിശോധിക്കുകയും പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്ത വെറ്റിനറി ഡോക്ടര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കി.
തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍ ക്ഷീര കര്‍ഷകന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ഏഴുമാസം വൈകിയത് ഗുരുതരമായ സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് മൊത്തം 1,30,000/ രൂപ നല്‍കാന്‍ ഉത്തരവിട്ടത്.
ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം വിധി തീയതി മുതല്‍ ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്ന് പ്രസിഡന്റ് കെ. മോഹന്‍ദാസും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.