പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു.


പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ ചുമതലയേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് ചുമതലയേറ്റത്. അതേസമയം 18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ഗ്യാനേഷ് കുമാർ പ്രതികരിച്ചു. ഭരണഘടന, തിരഞ്ഞെടുപ്പ് നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി, കമ്മീഷൻ അന്നും ഇന്നും എന്നും വോട്ടർമാർക്കൊപ്പമുണ്ടെന്നും ഗ്യാനേഷ് കുമാർ പ്രതികരിച്ചു.
സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ സർക്കാർ നിയമിച്ചത്. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ.
കഴിഞ്ഞ മാർച്ചിലാണ് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനായി തിരഞ്ഞെടുത്തത്. സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായ രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയെങ്കിലും ഇത് തള്ളുകയായിരുന്നു. അതേസമയം ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.
സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി ഫെബ്രുവരി 19ന് പരിഗണിക്കാനിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗം മാറ്റിവെയ്ക്കണമെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല. ഞൊടിയിടയില്‍ ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.