മികച്ച പരിസ്ഥിതി സൗഹൃദ സ്കൂളിനുള്ള അവാർഡ് പരപ്പനങ്ങാടി ഉള്ളണം എ എം യു പി സ്കൂളിന് ലഭിച്ചു


മലപ്പുറം : കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കീഴിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിത സേനയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വിദ്യാലയത്തിനുള്ള ഗ്രീൻ സ്കൂൾ അവാർഡ് പരപ്പനങ്ങാടി ഉള്ളണം എ.എം.യു.പി സ്കൂളിന് ലഭിച്ചു.
മലപ്പുറം കളക്‌ട്രേറ്റിൽ വച്ച് നടന്ന ചടങ്ങിൽ ജില്ല കളക്ടർ വി.ആർ. വിനോദ് ഐ.എ.എസ് അവാർഡ് വിതരണം ചെയ്തു.
ഉള്ളണം സ്കൂളിലെ ദേശീയ ഹരിത സേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത എൻ.ജി.സി കോർഡിനേറ്റർ അൽത്താഫ് പത്തൂരിന് ജില്ലയിലെ മികച്ച കോർഡിനേറ്റർക്കുള്ള
അവാർഡും ലഭിച്ചു.
സ്കൂളിൽ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളാണ് അവാർഡ് നേടാൻ കാരണമായത്.
ദേശീയ ഹരിതസേന ജില്ലാ കോഡിനേറ്റർ ഒ. ഹാമിദലി, പ്രൊജക്റ്റ് കോർഡിനേറ്റർ പി. സാബിർ, മിഥുൻ മോഹൻ ഐ.എഫ്.എസ്, എ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.