നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആൺസുഹൃത്ത് തൂങ്ങി മരിച്ചു


മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാണ് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോവുകയായിരുന്നു.
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..
Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).