പാലത്തിങ്ങൽ ന്യൂകട്ട് പാലം നിർമാണത്തിന്റെ തുടർനടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമായി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് യോഗത്തിലാണ് ന്യൂകട്ട് പാലം നിർമാണത്തിന് ആവശ്യമായ അപ്പ്രോച്ച് റോഡിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമി ഉപയോഗിക്കാൻ അനുമതിക്ക് തീരുമാനമായത്.
കെ.പി.എ. മജീദ് എം.എൽ.എ ആവശ്യപ്രകാരമാണ് യോഗം ചേർന്നത്. ജലവിഭവവകുപ്പിൽ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനിറ്റോറിയവും നിർമാണത്തിന് വേണ്ടി വിട്ടുനൽകിയ ഭൂമിയുടെ ഒരുവശത്തുകൂടിയാണ് ഈ പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിർമിക്കേണ്ടത്.
ഈ ഭൂമിയിലൂടെ നിർമാണം നടത്തുന്നതിന് ആവശ്യമായ നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ നിർമാണത്തിന് ആവശ്യമായ എൻ.ഒ.സി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ലഭ്യമായിരുന്നില്ല. നിരാക്ഷേപ പത്രം ഉടൻ ലഭ്യമാക്കി, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിന് കൂടി ഉപകാരപ്പെടുന്ന പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടിക്ക് മന്ത്രി നിർദ്ദേശം നൽകി. മ്യൂസിയ പ്രദേശം മന്ത്രി ആർ ബിന്ദു സന്ദർശിക്കും. തുടർന്ന് പദ്ധതിയുടെ തുടർനിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും.
നേരത്തെ 20 കോടി രൂപയുടെ ഭരണാനുമതി പാലം നിർമാണത്തിന് ലഭിച്ചിട്ടുണ്ട്. നാവിഗേഷൻ റൂട്ടുള്ള പുഴയായതിനാൽ പാലത്തിങ്ങൽ പാലത്തിന്റെ അതേ ഡിസൈനിൽ മധ്യഭാഗം ഉയർത്തിയാണ് പുതിയപാലം നിർമിക്കുന്നത്. ഉയരം കൂടുന്നതിനാൽ സ്ലോപ്പ് രൂപത്തിൽ അപ്രോച്ച് റോഡ് നിർമിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്.
യോഗത്തിൽ കെ.പി.എ മജീദ് എം.എൽ.എ, നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽഹമീദ്, കൗൺസിലർ അസീസ് കൂളത്ത്, പി.വി. ഹാഫിസ് മുഹമ്മദ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷിബു എ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ ഹ്യൂജിൻ ആൽബർട്ട്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, പൊതുമരാമത്ത് പാലങ്ങൾ ഡിസൈൻ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ. വി, പൊതുമരാമത്ത് പാലങ്ങൾ ഡിസൈൻ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കണ്ണൻ പി, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഡയറക്ടർ സോജു, ടി. കെ നാസർ പങ്കെടുത്തു..