മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ഇന്ന് : ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി പത്തുവരെ ഗതാഗതനിയന്ത്രണം
file
മലബാറിലെ പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ കോഴിക്കളിയാട്ട മഹോത്സവം ഇന്ന് (വെള്ളിയാഴ്ച ) നടക്കും. വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകുക.
ആചാരപ്രകാരം സാംബാവ മൂപ്പന്റെ നേതൃത്വത്തിലുളള സംഘമാണ്ആദ്യം കാവിലെത്തുക . തുടർന്ന് പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. ദേവീചരിതങ്ങൾ ഇടമുറിയാതെ പാടുന്ന കൊട്ടിപ്പാട്ടുകളാൽ ഗ്രാമം മുഴുവൻ ഉത്സവഛായയിലാണ്.
– കളിയാട്ടം നടക്കുന്നതിനാൽ തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ കോഹിനൂരിനും എടരിക്കോടിനുമിടയിൽ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ രാത്രി പത്തുവരെയാണ് നിയന്ത്രണമുണ്ടാകുക.
– കോഴിക്കോട് ഭാഗത്തുനിന്ന് പരപ്പനങ്ങാടി, തിരൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും യൂണിവേഴ്‌സിറ്റി ചെട്ട്യാർമാട്ടുനിന്ന് തിരിഞ്ഞ് ഒലിപ്രംകടവ്, അത്താണിക്കൽ വഴി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകണം.
– കോഴിക്കോട് ഭാഗത്തുനിന്ന് കോട്ടയ്ക്കൽ, തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോഹിനൂരിൽനിന്ന് തിരിഞ്ഞ് നീരോൽപ്പാലം, പരമ്പിൽപ്പീടിക, കരുവൻകല്ല്, കൊളപ്പുറം വഴി തൃശ്ശൂർ ഭാഗത്തേക്ക് പോകണം.
– തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വലിയ ചരക്ക് വാഹനങ്ങൾ കോട്ടയ്ക്കൽ എടരിക്കോട്ടുനിന്ന് തിരിഞ്ഞ് വൈലത്തൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക് വഴി പോകണം.
– തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള മറ്റു വാഹനങ്ങൾ കൊളപ്പുറത്തുനിന്ന് തിരിഞ്ഞ് എയർപ്പോർട്ട് റോഡുവഴി കരുവാൻകല്ല്, പറമ്പിൽപ്പീടിക, നീരോൽപ്പാലം, കോഹിനൂർ വഴി പോകണം.
