NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 14 ആയി.  60 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് പുറത്തെത്തിച്ചു. ഘാട്കോപ്പറിലെ പെട്രോൾ പമ്പിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

 

അനധികൃത പരസ്യ ബോർഡുകൾ നീക്കുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

അപകടത്തിനിടയാക്കിയ കൂറ്റൻ പരസ്യ ബോർഡ്‌ ഇഗോ മിഡിയ കമ്പനി അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ മൂന്ന് പരസ്യ ബോർഡുകൾ അടിയന്തരമായി മാറ്റാൻ മുംബൈ കോർപ്പറേഷൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പരസ്യ കമ്പനി ഉടമകൾക്കെതിരെ പന്ത് നഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ് എടുത്തത്.

 

അതേസമയം നഗരത്തിലെ റെയിൽ – റോഡ് ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. മഴയെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് ലോക്കൽ ട്രെയിൻ സർവീസുകളും ഭാഗികമായി തടസപ്പെട്ടിരുന്നു.മുംബൈയിൽ ഇന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *